പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി അവസരം നല്‍കുന്നില്ല; മുൻ കേന്ദ്രമന്ത്രി ബിജെപി വിട്ടു

single-img
17 November 2020
 Jaysingrao Gaikwad Patil resigns from BJP

മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഖഡ്‌സെക്ക് പിന്നാലെ മറ്റൊരു മുതിര്‍ന്ന ബിജെപി നേതാവ് കൂടി പാർട്ടി വിട്ടു. മുന്‍ കേന്ദ്രമന്ത്രിയായ ജെയ്സിങ്റാവു ഗെയ്ക്‌വാദ് പാട്ടീലാണ് ഇന്ന് രാജിവച്ചത്. മഹാരാഷ്ട്ര ബി.ജെ.പി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടിലിന് ചൊവ്വാഴ്ച രാവിലെ തന്റെ രാജിക്കത്തയച്ചു. 

പത്ത് വര്‍ഷത്തോളമായി പാര്‍ട്ടിനേതൃത്വം തന്നെ അവഗണിക്കുകയാണ്, പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറാണ്, എന്നാല്‍ പാര്‍ട്ടി അതിനുളള അവസരം എനിക്ക് നല്‍കുന്നില്ല. അതുകൊണ്ട് ഞാന്‍ രാജിവെക്കുന്നു.’  ജെയ്സിങ് റാവു വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോട് പറഞ്ഞു.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് അല്ലാതെ ‘എംഎല്‍എയോ എംപിയോ ആകാന്‍ എനിക്ക് താല്പര്യമില്ല. കഴിഞ്ഞ 10 വര്‍ഷമായി അത്തരത്തിലൊരു ഉത്തരവാദിത്വം എനിക്ക് നല്‍കാനാണ് ഞാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടി എനിക്ക് അവസരം നല്‍കിയില്ല. സംസ്ഥാനത്ത് പാര്‍ട്ടിയെ വളര്‍ത്താന്‍ പ്രയത്നിച്ചവരെ പാര്‍ട്ടിക്ക് ആവശ്യമില്ല’  ജെയ്സിങ് പറഞ്ഞു.

അതേ സമയം ഗെയ്ക്‌വാദ്‌  പാട്ടീലിന്റെ രാജിയില്‍ പ്രതികരിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ തയ്യാറായില്ല.

Content : Jaysingrao Gaikwad Patil resigns from BJP