രാഷ്ട്രീയ എതിരാളികൾ വർഗീയത പറഞ്ഞ് രാഷ്ട്രീയ നേട്ടം കൈവരിക്കുമെന്ന് മൻമോഹൻ സിംഗ് പറഞ്ഞിരുന്നു: ഒബാമ

single-img
17 November 2020

മതം, വംശീയവാദം എന്നിവ ആയുധമാക്കാൻ പോകുന്ന ഭാവിയിലെ രാഷ്ട്രീയത്തെ പറ്റി മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തനിക്ക് മുന്നറിയിപ്പ് തന്നിരുന്നുവെന്ന് മുൻ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക് ഒബാമ. ഒബാമയുടെ രാഷ്ട്രീയ ഓർമക്കുറിപ്പുകൾ എഴുതിയ “എ പ്രോമിസ്ഡ് ലാൻഡ് “എന്ന പുസ്തകത്തിലാണ് പരാമർശം. അസാധാരണമായ ജ്ഞാനത്തിന്ഉടമയാണ് മൻമോഹൻ സിങ് എന്ന് അദ്ദേഹം പറയുന്നു.

തന്റെ പുസ്തകത്തില്‍ 2008-2012 കാലയളവിനെ കുറിച്ച് പരാമർശിക്കുന്ന ഇടത്ത് വിവിധ വംശജർ താമസിക്കുന്ന ജനാധിപത്യ രാഷ്ട്രങ്ങൾ നേരിടാൻ പോകുന്ന വെല്ലുവിളിയെ പറ്റി അദ്ദേഹം എടുത്തു പറയുന്നുണ്ട്. അതിൽ ഇന്ത്യയില്‍ ബി.ജെ.പി ഉയര്‍ത്തുന്ന വർഗീയ രാഷ്ട്രീയത്തെ നേരിടാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന് സാധിക്കുമെന്ന് ഒബാമ പറയുന്നു.അതേസമയം നരേന്ദ്രമോഡിയുടെയോ ട്രംപിന്റെയോ പേര് എടുത്ത് പറയാതെ തന്നെ ഇരു രാജ്യങ്ങളും സമാനമായ ജനാധിപത്യ വെല്ലുവിളികൾ നേരിടുന്നു എന്നും അതിനെപ്പറ്റി മൻമോഹൻ സിങ് നൽകിയ മുന്നറിയിപ്പും അദ്ദേഹം ഓർക്കുന്നു.

സിങ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ ജനാധിപത്യ ഭാവി നിർണയിക്കപ്പെടാനാണോ അതോ അതിൽ നിന്നുള്ള വ്യതിചലനം ആണോ എന്ന് തനിക്ക് പറയാൻ സാധിക്കുന്നില്ലന്ന് ഒബാമ കൂട്ടിച്ചേർക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തെ ഇന്ത്യ ഫലപ്രദമായി നേരിട്ടെങ്കിലും ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇന്ത്യയിലും തൊഴിലില്ലായ്മ എന്ന പ്രശ്നം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറയുന്നു. പാകിസ്താന്‍ നടത്തിയ പ്രകോപനപരമായ നടപടികളിൽ തിരിച്ചടിക്കാത്തത് ബി.ജെ.പി പോലുള്ള പാർട്ടികൾക്ക് വളമായെന്നും, രാഷ്ട്രീയ എതിരാളികൾ വർഗീയത പറഞ്ഞു ഏത് രാജ്യത്തും ജനങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ നേട്ടം കൈവരിക്കുമെന്നും മൻമോഹൻ സിങ് മുന്നറിയിപ്പ് നൽകിയത് ഒബാമ ഓർത്തെടുക്കുന്നു.

അതേസമയം തന്നെ സിങ്ങുമായുള്ള ഈ ചർച്ച ചെക്ക് റിപ്പബ്ലിക്ക് പ്രസിഡന്റ്‌ വക്ലാവ് ഹവേലുമായുള്ള ചർച്ചയെ അനുസ്മരിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരിക്കുന്നു. ഇന്ത്യയ്ക്കായി മൻമോഹൻ സിങ് തനിക്ക് ചെയ്യാൻ സാധിക്കുന്നതൊക്കെ ചെയ്തെന്നും ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചു നിന്നുകൊണ്ടുതന്നെ രാജ്യത്തെ ജി.ഡി.പി മെച്ചപ്പെടുത്തിയെന്നും. ഒരു ജനാധിപത്യ രാഷ്ട്രത്തിനു വേണ്ടത് എല്ലാ ജനങ്ങളുടെയും സമാധാനവും രാജ്യത്തിന്റെ വളർച്ചയും ഒക്കെയാണെന്നും അദ്ദേഹത്തെ പോലെത്തന്നെ ഞാനും വിശ്വസിച്ചു എന്നാൽ ഇപ്പോൾ ഇത്തരം രാജ്യങ്ങളിൽ വർഗീയവാദത്തിനും, വംശഹത്യക്കും, മതത്തിനും, നിറത്തിനും, അഴിമതിക്കുമൊക്കെയാണ് സ്ഥാനം.

മറ്റുള്ളവരെ താഴ്ത്തികെട്ടി നിർവൃതി കൊള്ളുന്ന മനുഷ്യ സ്വഭാവമാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. എപ്പോൾ വേണമെങ്കിലും മറ നീക്കി പുറത്തുവരാവുന്ന ഒന്നാണ് അത്. മഹാത്മാ ഗാന്ധിയെപ്പോലെ ഒരു മാർഗദർശി ഇല്ലാത്തതിൽ ഉള്ള വേദനയും അദ്ദേഹം പുസ്തകത്തിൽ പങ്കുവെക്കുന്നു.