സിനിമയെ വെല്ലുന്ന പോസ്റ്ററുകളുമായി ബേഡകത്തെ സ്ഥാനാര്‍ത്ഥികള്‍

single-img
17 November 2020

തെരഞ്ഞെടുപ്പ് പോസ്റ്റര്‍ ഒരുക്കുന്നതില്‍ കാസർകോട് ജില്ലയിലെ ബേഡകത്തെ സ്ഥാനാര്‍ത്ഥികള്‍ വ്യത്യസ്തരാകുന്നത് ഇങ്ങനെയാണ്. സ്ഥാനാര്‍ത്ഥികളുടെ പ്രചരണ പോസ്റ്ററുകള്‍ കണ്ടാല്‍ സിനിമയാണോന്ന് ആദ്യം തോന്നും. കടുവ സിനിമ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതല്‍ ചായക്കടവരെ സീനിലുണ്ട്. കടുവ സിനിമ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നടന്‍ പൃഥ്വിരാജ് ജീപ്പിന് മുകളില്‍ ഇരിക്കുന്നത് പോലെ ഇരിപ്പുറപ്പിച്ച ചെമ്പക്കാട് നാരായണന്‍ എന്ന കര്‍ഷകന്‍, പയസ്വിനി പുഴയിലൂടെ തോണിയില്‍ യാത്രയാവുന്ന പ്രിയ, നാട്ടുമ്പുറത്തെ വല്യമ്മയോട് കുശലം പറയുന്ന ധന്യയും ഗോപാലകൃഷ്ണനും, എഫ്,സി ബൈക്കില്‍ വരുന്ന പിള്ളേരോട് സംസാരിക്കുന്ന മാധവനും, ശില്‍പ നിര്‍മാണത്തിലേര്‍പ്പെട്ട ശങ്കരനും… ഇങ്ങനെ പോകുന്നു പോസ്റ്ററുകള്‍.

ബേഡഡുക്ക പഞ്ചായത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകള്‍ വെറും പോസ്റ്ററുകളല്ല. എല്ലാം ഫോട്ടോ സ്‌റ്റോറികളാണ്. പഞ്ചായത്തിലെ ഓരോ വാര്‍ഡിലെ പോസ്റ്ററിനും ഓരോ കഥ പറയാനുണ്ട്. തദ്ദേശ തെരരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെയാണ് കാസര്‍കോട് ബേഡകത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വ്യത്യസ്തമായ പോസ്റ്റര്‍ പ്രചരണം. പതിവു പ്രചരണങ്ങളില്‍ നിന്ന് പുതുമ നല്‍കിയാണ് ബഡേഡുക്ക പഞ്ചായത്ത് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

അതുകൊണ്ട് തന്നെ പോസ്റ്ററൊരുക്കാനും ഡിസൈന്‍ ചെയ്യാനുമൊക്കെയായി യുവാക്കളുടെ പ്രത്യേക സംഘവും സജീവമാണ്. വാട്‌സ് ആപ് ഗ്രൂപ്പുകള്‍ വഴി നാട്ടിലെ എല്ലാവരിലേക്കും എത്തിക്കുകയാണ് ചെയ്യുന്നത്. പോസ്റ്ററുകള്‍ക്ക് ഇതിനകം നവമാധ്യമങ്ങളില്‍ വലിയ പ്രചരണം നേടിക്കഴിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ യുവാക്കളാണ് സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ തവണ തലനാരിഴയ്ക്ക് കൈവിട്ട ഒരു സീറ്റുമടക്കം മുഴുവന്‍ സീറ്റും തൂത്തുവാരുമെന്ന വിശ്വാസത്തിലാണ് ബേഡഡുക്ക പഞ്ചായത്തിലെ എല്‍.ഡി.എഫ് നേതൃത്വം.