പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി എം.കെ അഴഗിരി; ബി.ജെ.പിയുമായി സഖ്യത്തിന് ശ്രമങ്ങള്‍

single-img
16 November 2020

തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ നീക്കവുമായി കരുണാനിധിയുടെ മകനും എം.കെ സ്റ്റാലിന്റെ സഹോദരനുമായ എം.കെ അഴഗിരി. രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ച് ബി.ജെ.പിയും അണ്ണാ ഡി.എം.കെയുമായി സഖ്യത്തിലേര്‍പ്പെടാനാണ് അഴഗിരിയുടെ ആലോചനയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനായി അളഗിരിയും തമിഴ്‌നാട് ബി.ജെ.പിയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘കലൈഞ്ജര്‍ ഡി.എം.കെ’അഥവാ ‘കെ.ഡി.എം.കെ’ എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേരെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ജനപിന്തുണയില്ലാത്ത അഴഗിരി എന്ത് നീക്കം നടത്തിയാലും ഒരു പ്രശ്നവുമില്ല എന്നാണ് ഡി.എം.കെ. നേതൃത്വം ഇക്കാര്യത്തോട് പ്രതികരിച്ചത്. 2014 പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് ഡി.എം.കെ അഴഗിരിയെ പുറത്താക്കുകയായിരുന്നു.

ഡി.എം.കെയില്‍നിന്ന് പുറത്താക്കിയപ്പോഴും അഴഗിരി മധുരയില്‍ തുടര്‍ന്നു. ഡി.എം.കെയില്‍ തിരിച്ചെടുക്കണം എന്ന ആവശ്യം സ്റ്റാലിനും പാര്‍ട്ടിയും നിരസിച്ചതോടെ കരുണാനിധി മരിച്ച് മുപ്പതാം ദിവസം അഴഗിരി ചെന്നൈയില്‍ ഒരു റാലി നടത്തിയിരുന്നു. ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് അറിയിച്ച റാലിയില്‍ പതിനായിരം പേര്‍ പോലും എത്തിയില്ല. കഴിഞ്ഞ ആറ് വര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത അഴഗിരി ഡി.എം.കെയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.