കിഫ്ബിയിൽ ഐസക്കിന്റെ വാദം പൊളിയുന്നു; സാമ്പത്തിക ബാധ്യത സർക്കാരിന്: വിവരാവകാശ രേഖ

single-img
16 November 2020
Kifb Financial Liability

കിഫ്ബിയിൽ ഐസക്കിന്റെ വാദം പൊളിയുന്നു സാമ്പത്തിക ബാധ്യതയുടെ പൂർണ ഉത്തരവാദിത്ത്വം സർക്കാരിന്. കിഫ്ബി പദ്ധതികളുടെ സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനെന്ന് വ്യക്തമാക്കി വിവരാവകാശ രേഖ. കിഫബിക്കു ലഭ്യമാകുന്ന ഫണ്ടിൽ കുറവുണ്ടായാൽ പരിഹരിക്കേണ്ടതും സർക്കാരാണ്. നികുതി വിഹിതം നൽകുകമാത്രമാണ് സർക്കാർ ഉത്തരവാദിത്വമെന്ന ധനമന്ത്രിയുടെ വാദമാണ് ഇതോടെ പൊളിയുന്നത്.

സിഎജിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം കരട് റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് ധനമന്ത്രി തോമസ് ഐസക് ഉയർത്തിയ വാദമാണിത്. കിഫ്ബിയെടുക്കുന്ന വായ്പകളുടെ തിരിച്ചടവിന്റെ കാര്യത്തിൽ ഭാവിയിൽ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽ അതിന് പരിഹാരം കാണുകയെന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്വം എന്നതാണ് ധനമന്ത്രിയുടെ വിശദീകരണം.

എന്നാൽ സംസ്ഥാനത്തെ മോട്ടോർ വാഹന നികുതിയുടെ അൻപതുശതമാനവും, പെട്രോളിയം ഉൽപന്നങ്ങളുടെ സെസിൽ നിന്നുള്ള വരുമാനം മുഴുവനും കിഫ്ബിക്ക് നൽകാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. വായ്പാ തിരിച്ചടവിന് ഈ വരുമാനം മതിയാകാതെ വന്നാൽ സർക്കാരാണ് പണം നൽകേണ്ടതെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കിഫ്ബിതന്നെ മറുപടി നൽകിയിരുന്നു. കിഫ്ബി നിയമപ്രകാരം നികുതി വിഹിതം നൽകാനുള്ള ബാധ്യത മാത്രമേ സര്‍ക്കാരിനുള്ളുവെന്ന ധനമന്ത്രിയുടെ വാദമാണ് ഇതോടെ പൊളിയുന്നത്.

കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തോളം മോട്ടോര്‍ വാഹന നികുതിയിലും, പെട്രോളിയം സെസിലും ക്രമാനുഗതമായ വര്‍ധനയുണ്ടായി എന്നതായിരുന്നു സര്‍ക്കാരിന്റെ ആത്മവിശ്വാസം. എന്നാല്‍ കോവിഡ് പ്രതിസന്ധിക്കിടെ ഈ രണ്ട് വരുമാനത്തിലും കുറവുണ്ടായത് സര്‍ക്കാരിന് ബാധ്യതയാകും.

Content : In Kifby Financial Liability to Government