“നല്ലനടപ്പി”നായി ഇനിമുതൽ പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് പോകാം: ഫ്രീഡം വാക്ക് ഹവായ് ചപ്പലുകളുമായി ജയിൽ

single-img
16 November 2020
poojappura central jail freedom walk chappals

“നല്ലനടപ്പി”നായി ഇനിമുതൽ പൂജപ്പുര സെൻട്രൽ ജയിലിൽ(Poojappura Central Jail) പോയാൽ മതി. പേടിക്കേണ്ട, ജയിലിനകത്തേക്കല്ല, ജയിലിലെ കഫറ്റേറിയയ്ക്ക് സമീപമുള്ള വിൽപ്പന കൌണ്ടറിലാണ് നന്നായി നടക്കാനുള്ള ഹവായ് ചപ്പലുകൾ വാങ്ങാൻ കിട്ടുന്നത്.

സംസ്ഥാനത്ത് ആദ്യമായാണ് ജയിലിൽ ഹവായ് ചപ്പലുകൾ വിൽപന ആരംഭിച്ചത്.  “ഫ്രീഡം വാക്ക്”(Freedom Walk) എന്ന് പേരിട്ടിരിക്കുന്ന ഹവായ് ചപ്പലുകൾക്ക് 80 രൂപയാണ് വില. വിവിധ നിറങ്ങളിലുള്ള ചപ്പലുകൾ ഈ വിലയ്ക്ക് ലഭിക്കും.

ചപ്പലുകളുടെ വിപണനോദ്ഘാടനം ജയിൽ ഡിജിപി ഋഷിരാജ് സിങ് നിർവഹിച്ചു. ചലച്ചിത്രതാരം ചന്തുനാഥ്ജിയാണ് ആദ്യ ഉൽപ്പനം സ്വീകരിച്ചത്.

ജയിൽ വകുപ്പിനു കീഴിൽ തടവുകാരുടെ ക്ഷേമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചെരിപ്പു നിർമാണം.

ഇതിനായുള്ള മാന്വൽ ഹവായ് ചപ്പൽ മെഷീനുകൾ ജയിലിൽ സ്ഥാപിച്ചു. പ്രത്യേക പരിശീലനം ലഭിച്ച 3 തടവുകാരാണു ചെരിപ്പ് നിർമിക്കുന്നത്. ദിവസേന 100 ജോഡി ചെരിപ്പുകൾ നിർമിക്കാനാകും. പ്ലാസ്റ്റിക് ഒഴിവാക്കി പേപ്പർ കവറിലാണു വിൽപന.

അടുത്ത ഘട്ടമായി ഫാൻസി ചെരിപ്പുകളും, പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ചെരിപ്പുകളും നിർമിക്കും.  ജൈവ പച്ചക്കറി, വളർത്തു മത്സ്യങ്ങൾ, ബ്യൂട്ടിപാർലർ, പെട്രോൾ പമ്പ് എന്നിവയ്ക്കു ശേഷമാണ് പൂജപ്പുരയിൽ നിന്നു ഹവായ് ചപ്പലുകൾ കൂടി വരുന്നത്. 

Highlights: Freedom Walk, Poojappura Central Jail