നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറയരുത്; എന്താണ് കിഫ്ബിയിലെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് തോമസ് ഐസക്

single-img
15 November 2020
KIIFB Thomas Isaac Ramesh Chennithala

കിഫ്ബി(KIIFB)ക്കെതിരെ നടക്കുന്നത് ബിജെപി-കോൺഗ്രസ്സ് ഒളിച്ചുകളിയെന്ന് സംസ്ഥാന ധനമന്ത്രി ടിഎം തോമസ് ഐസക്(Thomas Isaac). സിഎജിയുടെ ചോദ്യങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്നും അതിന് വിശദമായി മറുപടി നൽകുമെന്നും തോമസ് ഐസക് പറഞ്ഞു. ആസൂത്രിതമായാണ് കിഫ്ബിക്കെതിരെ കേസ് കൊടുത്തതെന്നും ധനമന്ത്രി ആരോപിച്ചു.

എന്താണ് കിഫ്ബിയിലെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് (Ramesh Chennithala) വ്യക്തമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറയരുത്. കിഫ് ബിയുടെ ഓഡിറ്ററാക്കണമെന്ന സിഎജിയുടെ ആവശ്യം കഴിഞ്ഞ യുഡിഎഫ് സർക്കാർ തള്ളിയിരുന്നു. തീർത്തും സുതാര്യമായ രീതിയിലാണ് കിഫ്ബി പ്രവർത്തിക്കുന്നതെന്നും ധനമന്ത്രി എറണാകുളത്ത് പറഞ്ഞു.

ബിജെപിയുടെയും ആർഎസ്എസിന്റെയും കൽപനകൾ ശിരസാ വഹിക്കുകയല്ല സിഎജിയുടെ ചുമതല. ബിജെപിയുടെ ഒരു ഉമ്മാക്കിക്ക് മുന്നിലും കീഴടങ്ങില്ല. ക്രമക്കേടിന്റെയും അഴിമതിയുടെയും ഒരു കറയും കിഫ്ബിയിൽ പതിഞ്ഞിട്ടില്ല. കിഫ്ബിയിൽ സിഎജി ഓഡിറ്റ് തടയാൻ ശ്രമിച്ചുവെന്നത് പച്ചക്കള്ളമാണ്. ഓഡിറ്റ് നടത്തിയത് കൊണ്ടാണ് റിപ്പോർട്ട് ഉണ്ടായത്. കിഫ്ബി നിയമപ്രകാരം സിഎജി തന്നെയാണ് ഓഡിറ്റ് നടത്തേണ്ടത്. ഇഡിയെയും മറ്റും ഉപയോഗിച്ചുള്ള സൂത്രപ്പണിക്ക് സിഎജിയെയും നിയോഗിക്കാമെന്നാണ് ബിജെപി വിചാരിക്കുന്നത്. ആ പരിപ്പ് കേരളത്തിൽ വേവില്ലെന്നും ധനമന്ത്രി പറഞ്ഞു.

എന്നു മുതലാണ് സിഎജിയുടെ കരടു റിപ്പോർട്ട് പ്രതിപക്ഷ നേതാവിനും യുഡിഎഫിനും പവിത്രരേഖയായത്? ലാവലിൻ ഓർമ്മയുണ്ടല്ലോ. സിഎജിയുടെ കരടു റിപ്പോർട്ടിലെ പരാമർശം വെച്ചെല്ലേ ഖജനാവിന് 375 കോടിയുടെ നഷ്ടമുണ്ടായെന്ന കള്ളക്കഥ പ്രചരിപ്പിച്ചത്? യഥാർത്ഥ റിപ്പോർട്ടിൽ അങ്ങനെയൊരു പരാമർശമുണ്ടോയെന്നും ഐസക് ചോദിച്ചു.

കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് ബോഡികൾ മസാല ബോണ്ട് വഴി നിക്ഷേപം സ്വീകരിച്ചാൽ ഒരു പ്രശ്നവും സംഭവിക്കില്ല, എന്നാൽ കേരളം ധനം സമാഹരിച്ചാൽ അത് ഭരണഘടനാ വിരുദ്ധമാകുമെന്നുമുള്ള ഇരട്ടത്താപ്പിനെ കുറിച്ച് ചെന്നിത്തല മറുപടി പറയണം. കിഫ്ബിയിൽ എവിടെയാണ് അഴിമതി? പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലും കിഫ്ബി വഴി പണം അനുവദിച്ചിട്ടുണ്ട്. ഏതിലെങ്കിലും അഴിമതിയുണ്ടോ? ഇന്നേവരെ അങ്ങിനെ ഒരു ആരോപണം ഉന്നയിച്ചോയെന്നും ധനമന്ത്രി ചോദിച്ചു. 

ബിജെപി-കോൺഗ്രസ്സ് ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് രമേശ് ചെന്നിത്തലക്ക്. താൻ ഉന്നയിച്ച കാതലായ വിഷയങ്ങൾക്ക് ഇപ്പോഴും ചെന്നിത്തലക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Content: KIIFB CAG Report row: Thomas Isaac slams Ramesh Chennithala