അപകടത്തില്‍പ്പെട്ട് മറിഞ്ഞ കാറിൽ നിന്ന് ഏഴരക്കിലോ കഞ്ചാവ്; മൂന്ന് പേർ അറസ്റ്റിൽ

single-img
15 November 2020

ചെങ്ങന്നൂരിനു സമീപം മുഴക്കുഴ പള്ളിപ്പടിക്ക് സമീപം ഇന്നലെ അപകടത്തില്‍പ്പെട്ട് മറിഞ്ഞ കാറിൽ നിന്ന് ഏഴരക്കിലോ കഞ്ചാവ് കണ്ടെത്തി. കൊല്ലം തിരുവനന്തപുരം സ്വദേശികളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ.

കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരത്ത് നിന്ന് തിരുവല്ലയിലേക്ക് വരുന്ന വഴിയാണ് കാര്‍ മറിഞ്ഞത്. തുടര്‍ന്ന് പരിക്കേറ്റ യുവാക്കളെ തിരുവല്ല ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ കാറില്‍ നിന്ന് യുവാക്കള്‍ പൊതികളെടുക്കാന്‍ ശ്രമിക്കുന്നതു കണ്ടതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പൊട്ടിച്ചു നോക്കിയപ്പോള്‍ അതില്‍ കഞ്ചാവാണെന്ന് കണ്ടെത്തുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.

പോലീസെത്തി കൂടുതല്‍ പരിശോധിച്ചപ്പോഴാണ് കാറിന്റെ പിന്‍സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലായി 7.4 കിലോ കഞ്ചാവ് കണ്ടെത്തുന്നത്. അടൂര്‍ പള്ളിക്കല്‍ ഷൈജു- 25, ഫൈസല്‍-19, നെടുമങ്ങാട് സ്വദേശി മഹേഷ്-36 എന്നിവരെ തിരുവല്ല ജില്ലാ ആശുപത്രിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.