നിതീഷ് കുമാർ നാലാമതും ബിഹാർ മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ തർകിശോർ പ്രസാദ്

single-img
15 November 2020
nitish kumar tarkishore pasad

തുടര്‍ച്ചയായി നാലാം തവണയും ജനതാദൾ യുണൈറ്റഡ് നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകും. ഇന്ന് പട്‌നയില്‍ ചേര്‍ന്ന എന്‍ഡിഎ ‌പാര്‍ലമെന്ററി പാര്‍ട്ടി യോഗം നിതീഷ് കുമാറിനെ (Nitish Kumar) നേതാവായി തിരഞ്ഞെടുത്തു.

ഉപമുഖ്യമന്ത്രിയായി കട്ടിഹാറിൽ(Katihar) നിന്നുള്ള ബിജെപി എംഎൽഎ തർകിശോർ പ്രസാദ് (Tarkishore Prasad) ചുമതലയേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ സുശീൽ കുമാർ മോദി(Sushil Kumar Modi) യായിരുന്നു ബിഹാർ ഉപമുഖ്യമന്ത്രി(Bihar Deputy Chief Minister). എന്നാൽ ഇത്തവണ അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിലെടുക്കാനാണ് സാധ്യതയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദളിത് നേതാവും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് അംഗവുമായ കമലേശ്വര്‍ ചൗപാലിന്റെ പേരും ഉപമുഖ്യമന്ത്രി പദത്തിലേക്ക് ബിജെപി ആലോചിച്ചിരുന്നു.

രാജ്‌നാഥ് സിങ്, ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ ബിജെപി നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് നിതീഷിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. തിങ്കളാഴ്ചയായിരിക്കും സത്യപ്രതിജ്ഞയെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് നിതീഷ് കുമാര്‍ ഇന്ന് ഗവര്‍ണറെ കാണും.

243 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ(NDA) 125 സീറ്റുകള്‍ നേടിയാണ് അധികാരം നിലനിര്‍ത്തിയത്.മുന്നണി ഘടകകക്ഷികളായ ബിജെപി(BJP)ക്ക് 74, ജെഡിയു(Janata Dal United)- 43, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച(HAM), വിഐപി എന്നീ പാര്‍ട്ടികള്‍ക്ക് നാല് വീതം സീറ്റുകളാണ് ഉള്ളത്.

Content: Nitish Kumar To Be Bihar Chief Minister For 4th Term, BJP’s Tarkishore Prasad To Be his Deputy