സിപിഐയോട് ഏറ്റുമുട്ടാൻ ജോസ് കെ മാണി വിഭാഗം വളർന്നിട്ടില്ല: കാനം രാജേന്ദ്രൻ

single-img
15 November 2020

തദ്ദേശ തിരഞ്ഞെടുപ്പ് കോട്ടയത്തെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷം. ജോസ് കെ മാണി വിഭാഗത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. സിപിഐയോട് ഏറ്റുമുട്ടാൻ ജോസ് വിഭാഗം വളർന്നിട്ടില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് വേണമെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യമാണ് തർക്കം രൂക്ഷമാക്കിയത്.

കോട്ടയം ജില്ലാ പഞ്ചായത്ത്, നഗരസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇന്നലെ സിപിഐഎം-സിപിഐ ഉഭയകക്ഷി യോഗം ചേർന്നിരുന്നു. എന്നാൽ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ആകെ 22 സീറ്റുള്ള ജില്ലാ പഞ്ചായത്തിൽ 13 സീറ്റുകളാണ് ജോസ് വിഭാഗം ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നാണ് സിപിഐഎമ്മും സിപിഐയും പറയുന്നത്.

ജോസ് വിഭാഗത്തിന് ഒൻപത് സീറ്റ് നൽകാം. ബാക്കി ഒൻപത് സീറ്റുകളിൽ സിപിഐഎമ്മും നാല് സീറ്റുകളിൽ സിപിഐയും മത്സരിക്കട്ടെയെന്നാണ് സിപിഐഎം മുന്നോട്ടുവച്ച നിർദേശം. എന്നാൽ ജോസ് കെ മാണി വിഭാഗം ഇത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഇതോടെ കോട്ടയം സീറ്റ് വിഭജനം സംബന്ധിച്ച ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ഈ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ നിർണായക എൽഡിഎഫ് യോഗവും സിപിഐഎം സെക്രട്ടേറിയറ്റും ഇന്ന് കോട്ടയത്ത് ചേരും.