അലോപ്പതി ഡോക്ടറെന്ന പേരിൽ ചികിത്സ നടത്തിയിരുന്ന ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റിൽ; വ്യാജ എംബിബിഎസ് സര്‍ട്ടിഫിക്കറ്റിനു പിന്നിൽ വാൻ റാക്കറ്റ്

single-img
15 November 2020

എറണാകുളത്ത് മഞ്ഞപ്രയിലെ സ്വകാര്യ ആശുപത്രിയിൽ അലോപ്പതി ഡോക്ടറെന്ന പേരിൽ ചികിത്സ നടത്തിയിരുന്ന ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റിൽ. മഞ്ഞപ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്ത് വരികയായിരുന്ന അജയ് രാജാ(33)ണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

വ്യാജ എംബിബിഎസ് സർട്ടിഫിക്കറ്റ് ഇയാളുടെ കൈവശം ഉണ്ടായിരുന്നു. മൂന്നു മാസം മുൻപാണ് ഇയാൾ ഈ ആശുപത്രിയിൽ ജോലിക്കെത്തിയത്. എന്നാൽ, അജയ് രാജ് ആയുർവേദ ഡോക്ടറാണ്. കഴിഞ്ഞ ദിവസം ആലുവ എടത്തലയിലും സമാന സംഭവം ഉണ്ടായിരുന്നു. അന്ന് പിടിയിലായത് വ്യാജ വനിതാ ഡോക്ടർ സംഗീത ബാലകൃഷ്ണനാണ്.

ഇരുവരും ഒരേ സ്ഥലത്ത് നിന്നാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.സംഗീത ബാലകൃഷ്ണന് വ്യാജ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയത് അജയ് രാജാണെന്ന് വ്യക്തമായി. ഈ റാക്കറ്റിന്റെ ഭാഗമായവരെക്കുറിച്ച് സൂചനകള്‍ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.