സപ്ലൈകോയ്ക്ക് തമിഴ്നാട്ടിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ തുണിസഞ്ചി നൽകി പണം തട്ടിയ കുടുംബശ്രീ സ്ഥാപനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കി

single-img
14 November 2020

സപ്ലൈകോയ്ക്ക് തമിഴ്നാട്ടിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ തുണിസഞ്ചി നൽകി പണം തട്ടിയ പാലക്കാട്ടെ മൂന്നു കുടുംബശ്രീ സ്ഥാപനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കി. ഇതിനെ തുടർന്ന് കുടുംബശ്രീ മിഷൻ പ്രത്യേക അന്വേഷണം തുടങ്ങി. തിരുവനന്തപുരം സപ്ലൈകോയിൽ നൽകിയതും തമിഴ്നാട് സഞ്ചിയാണെന്നു കണ്ടെത്തിയിട്ടുണ്ട്. മങ്കര സിഡിഎസിനു കീഴിലുള്ള എവിആർ ക്ലോത്ത് ബാഗ് യൂണിറ്റ്, ഒറ്റപ്പാലത്തെ സൗപർണിക ബാഗ് നിർമാണ യൂണിറ്റ്, മണ്ണാർക്കാട് അപ്സര ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്കിൽ ഡവലപ്മെന്റ് എന്നിവയ്ക്കെതിരെയാണു നടപടി.

റജിസ്ട്രേഷൻ റദ്ദാക്കിയതിനു പുറമെ ഇവരെ കരിമ്പട്ടികയിലുമാക്കി. മൂന്നു സ്ഥാപനങ്ങളും ചേർന്ന് അഞ്ചു ലക്ഷത്തോളം തുണിസഞ്ചിയാണു നൽകിയത്. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊട്ടാരക്കര ഡിപ്പോകൾക്കും ഇവർ സഞ്ചി നൽകിയിട്ടുണ്ട്. കുടുംബശ്രീക്കാർക്കു സഞ്ചി എത്തിച്ചു നൽകിയ ഇടനിലക്കാരെയും കണ്ടെത്തി. തട്ടിപ്പ് നാണക്കേടുണ്ടാക്കിയെന്നു വിലയിരുത്തിയ കുടുംബശ്രീ മിഷൻ പ്രത്യേക അന്വേഷണം ആരംഭിച്ചു. പാലക്കാട് ജില്ലാ കോർഡിനേറ്റർക്കാണ് അന്വേഷണ ചുമതല.

കുടുംബശ്രീകൾക്കു പുറമെ ഇ–ടെൻഡർ വഴി സഞ്ചി വാങ്ങിയതിലും ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ ഒത്തുകളിച്ചതായി അഭ്യന്തര വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു സപ്ലൈകോ, ഭക്ഷ്യവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിശദമായ റിപ്പോർട്ട് ലഭിച്ചിട്ടു തീരുമാനിക്കാമെന്നാണു സെക്രട്ടറിയുടെ പ്രതികരണം.

Content : Supplyco cloth bag deal scam; 3 Kudumbashree units registration cancelled and put them on blacklist