വാഹനാപകടം: മഹാരാഷ്ട്രയിൽ അഞ്ച് മലയാളികൾ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്

single-img
14 November 2020

മഹാരാഷ്ട്രയിലെ സത്താരയിൽ ട്രാവലര്‍ പുഴയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു. ഏഴ് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഒരു സ്ത്രീയും മൂന്നു വയസ്സുള്ള കുട്ടിയുമുണ്ടെന്നാണ് റിപ്പോർട്ട്.

ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സത്താരയ്ക്കും സാംഗ്ലിയ്ക്കും ഇടയിൽ വാൻ പുഴയിലേക്ക് മറിഞ്ഞത്. ഉർമുടി പാലത്തിൽ നിന്ന് 50 അടി കൊക്കയിലേക്ക് വണ്ടി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്.

മൃതദേഹങ്ങൾ കരാടിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ടവർ മുംബൈ വാഷിയിൽ സ്ഥിരതാമസക്കാരാണ്. പരിക്കേറ്റവരെ സത്താറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു