സാമ്പത്തിക പ്രതിസന്ധി സിനിമ പൂർത്തിയാക്കാൻ ആടുകളെ മോഷ്ടിച്ച സഹോദരങ്ങള്‍ അറസ്റ്റിൽ

single-img
14 November 2020

മക്കളെ നായകനാക്കി പിതാവ് നിര്‍മിക്കുന്ന സിനിമ സാമ്പത്തിക പ്രതിസന്ധി കാരണം മുടങ്ങി. സിനിമ പൂർത്തിയാക്കാൻ പണം കണ്ടെത്താന്‍ ആടുകളെ മോഷ്ടിച്ച സഹോദരങ്ങള്‍ അറസ്റ്റിലായി. ചെന്നൈയിലെ ന്യൂ വാഷര്‍മെന്‍പേട്ടിലെ നിരഞ്ജന്‍ കുമാര്‍, ലെനിന്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ ആടു മോഷണം പതിവാക്കിയിരുന്നു. ആർക്കും സംശയം തോന്നാതിരിക്കാന്‍ ആട്ടിന്‍ കൂട്ടങ്ങളില്‍നിന്ന് ഒന്നോ രണ്ടോ ആടുകളെ മാത്രമാണ് ഇവര്‍ ഓരോ തവണയും മോഷ്ടിച്ചിരുന്നത്. ചെങ്കല്‍പേട്ട്, മാധവരം, മിഞ്ഞൂര്‍, പൊന്നേരി എന്നിവിടങ്ങളിലൂടെ കാറില്‍ കറങ്ങിയായിരുന്നു ആടുകളെ കണ്ടെത്തിയിരുന്നത്. ഇത്തരത്തില്‍ ദിവസം 8000 രൂപ വരെ ഇവര്‍ നേടിയിരുന്നത്രെ.

ഇത്തവണ തങ്ങളെ നായകരാക്കി പിതാവ് ഒരുക്കുന്ന സിനിമ മുടങ്ങിയതിനെ തുടര്‍ന്നാണ് ഇവര്‍ ആടിനെ പിടിക്കാന്‍ ഇറങ്ങിയത്. ഇവരുടെ പിതാവ് ‘നീ താന്‍ രാജ’ എന്ന പേരില്‍ നിര്‍മിക്കുന്ന സിനിമയില്‍ നിരഞ്ജനും ലെനിനുമായിരുന്നു നായകന്‍മാര്‍. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സിനിമ നിന്നപ്പോള്‍ പിതാവിനെ സഹായിക്കാന്‍ ഇരുവരും വീണ്ടും ആടിനെ തപ്പി ഇറങ്ങി. ഇരുവരും ഒക്ടോബര്‍ 9ന് നടന്ന കവര്‍ച്ചയിലാണ് അറസ്റ്റിലായത്. മാധവരം പൊലീസാണ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്