മൊഴിമാറ്റാൻ ഭീഷണി, ​ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറിയുടെ പങ്ക്: പുതിയ സിം കാര്‍ഡ്, പത്തനാപുരം ടവര്‍ ലൊക്കേഷന്‍, സിസിടിവി ദൃശ്യങ്ങള്‍; ഇവ നിര്‍ണായകം

single-img
13 November 2020

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ നടന്നത് വലിയ ഗൂഢാലോചന. മാപ്പുസാക്ഷിയായ ബേക്കൽ സ്വദേശി വിപിൻ ലാലിനെ സ്വാധീനിക്കാൻ പത്തനാപുരം എംഎൽഎയും നടനുമായ കെ.ബി ​ഗണേഷ് കുമാറിന്റെ ഓഫിസ് സെക്രട്ടറി കൊല്ലം സ്വദേശി എം പ്രദീപ് കോട്ടത്തല വിളിച്ചതായി വ്യക്തമായി.

വിപിൻ ലാലിനെ വിളിക്കാൻ മാത്രമായി തമിഴ്‌നാട്ടിൽ നിന്നും സിം കാർഡ് എടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ സിമ്മിൽ നിന്നും വിപിൻ ലാലിനെ മാത്രമാണ് വിളിച്ചത്. ജനുവരി 28നായിരുന്നു പ്രദീപ് കുമാർ വിപിൻലാലിനെ ഫോൺവിളിച്ച് കൂറുമാറണമെന്ന് ആവശ്യപ്പെട്ടത്, ഇതിന്റെ ടവർ ലൊക്കേഷൻ പത്തനാപുരം ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ജനുവരി 23ന് പ്രദീപ് കുമാർ കാഞ്ഞങ്ങാടെത്തി വിപിൻ ലാലിന്റെ അമ്മാവന്റെ ഫോണിൽ നിന്ന് ബിബിനെ വിളിച്ച് മൊഴി മാറ്റാൻ ആവശ്യപ്പെട്ടിരുന്നു.കാഞ്ഞങ്ങാടെത്തി വിപിനെ വിളിച്ചതിനു ശേഷം സ്വന്തം ഫോണുപയോഗിച്ച് രണ്ട് പ്രധാന വ്യക്തികളെ കൂടി പ്രദീപ് കുമാർ വിളിച്ചിട്ടുണ്ട്. കേസിൽ ഉന്നതരുൾപ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്ന തെളിവുകളാണ് ഇതിലൂടെ പുറത്തുവരുന്നത്.

കാഞ്ഞങ്ങാടെ ഹോട്ടലിൽ തങ്ങിയപ്പോൾ നൽകിയ മേൽവിലാസം പ്രദീപ് കുമാറിന്റേതാണ്. അടുത്തദിവസം ഓട്ടോ പിടിച്ച് ബേക്കലിലെത്തി വിപിൻ ലാലിന്റെ അമ്മാവൻ ഗിരീഷ് കുമാർ ജോലി ചെയ്യുന്ന ജ്വല്ലറിയിൽ എത്തി. അമ്മാവൻ ജോലി ചെയ്യുന്ന വാച്ച് സെക്ഷനിലെത്തി 6000 രൂപ മുടക്കി വാച്ച് വാങ്ങി. എന്നാൽ ഇതിന്റെ ബില്ലിൽ മറ്റൊരു പേരാണ് നൽകിയത്. ഇത് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ ഭീഷണിയുണ്ടെന്ന് കാണിച്ച് മാപ്പുസാക്ഷി ബേക്കൽ സ്വദേശിയായ വിപിൻ ലാൽ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതിയായ ദിലീപിന് അനുകൂലമായി കോടതിയിൽ മൊഴി തിരുത്തണമെന്നാവശ്യപ്പെട്ട് നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്. ഇതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഫോൺകോൾ സംബന്ധിച്ച വിവരങ്ങളും ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണായകമായി.

കെപിസിസി ജന.സെക്രട്ടറി ജ്യോതികുമാർ ചാമക്കലയും പ്രദീപ് കുമാർ ബേക്കലിലെ ജ്വല്ലറിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു.
‘മാപ്പുസാക്ഷിയായ ബേക്കൽ സ്വദേശി വിപിൻലാലിന്റെ ബന്ധുവിനെ കാണാൻ പ്രദീപ് എത്തുന്ന ദൃശ്യങ്ങൾ ആണിത്. ദൃശ്യങ്ങളിൽ ഉള്ളത് പ്രദീപ് കോട്ടത്തല. 2020 ജനുവരി 24നാണ് പ്രദീപ് കാസർകോട്ടെ സ്വകാര്യ ജ്വല്ലറിയിൽ എത്തിയത്. ഗണേഷ് കുമാറെന്ന ഇടത് എംഎൽഎയുടെ താൽപര്യം എന്താണെന്ന് സ്ത്രീ സുരക്ഷയുടെ വക്താക്കൾ മറുപടി പറയണം’ ചാമക്കാല ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.