ഡൽഹി കലാപം: വിദ്വേഷ പോസ്റ്റുകളില്‍ നിന്ന് ഫേസ്ബുക്ക് ലാഭമുണ്ടാക്കിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരന്‍

single-img
13 November 2020
Delhi Riots Facebook Posts

ഡൽഹി കലാപത്തില്‍ (Delhi Riots) ഫേസ്ബുക്കിലൂടെ (Facebook) പ്രചരിച്ച വിദ്വേഷ പോസ്റ്റുകളില്‍ നിന്ന് ഫേസ്ബുക്ക് ലാഭമുണ്ടാക്കിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി ഫെയ്സ്ബുക്കിലെ മുന്‍ ജീവനക്കാരന്‍ മാര്‍ക്ക് ലൂക്കി(Mark Luke). ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പോസ്റ്റുകള്‍ നിയന്ത്രിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച പറ്റിയെന്നു നിയമസഭാ സമിത്ക്ക് മുന്നില്‍ നല്‍കിയ മൊഴിയില്‍ ലൂക്കി പറഞ്ഞു. സമൂഹത്തിനെ ഭിന്നതയിലേക്ക് നയിച്ച് കമ്പനി തെറ്റായ തൊഴില്‍ സമ്പ്രദായമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് 2018 നവംബറിലാണ് ലൂക്കി ഫേസ്ബുക്ക് വിടുന്നത്.

വിദ്വേഷപരവും ഭിന്നിപ്പിക്കുന്നതുമായ ഉള്ളടക്കത്തിന് മിക്കപ്പോഴും ഏറ്റവും കൂടുതല്‍ ഷെയറും, ലൈക്കും കമന്റുകളും കിട്ടാറുണ്ട് എന്നുള്ളത് കൊണ്ടുതന്നെ വിദ്വേഷപരമായ ഉള്ളടക്കമുള്ള പോസ്റ്റിന് റീച്ച് നല്‍കുന്നതിലൂടെ ഫേസ്ബുക്ക് ലാഭമുണ്ടാക്കിയെന്നും മാര്‍ക്ക് ലൂക്കി സമിതിക്ക് മൊഴിനല്‍കി.

ഫേസ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാടുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ ഫേസ്ബുക്കിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ബി.ജെ.പി നേതാവിനെതിരെ നടപടിയെടുക്കുന്നതിനെതിരെ അന്ന് ഫേസ്ബുക്കിന്റെ പോളിസി ഹെഡ് ആയിരുന്ന അങ്കി ദാസ് ഉപദേശിച്ചതായി വാള്‍സ്ട്രീറ്റ് ജേണലില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.

ഫേസ്ബുക്കിനെതിരെയുള്ള ആരോപണം പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ശശി തരൂര്‍ അധ്യക്ഷനായ ഐ.ടി പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു.

ബി.ജെ.പി നേതാവ് ടി രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തിയതായി കണ്ടെത്തിയത്.