മഹാസഖ്യത്തിന് തിരിച്ചടിയാകുന്നത് മൂന്നിലൊന്ന് സീറ്റുകളിൽപ്പോലും ലീഡ് ചെയ്യാത്ത കോൺഗ്രസ്; തിളങ്ങുന്ന മുന്നേറ്റവുമായി ഇടതുപക്ഷം

single-img
10 November 2020
bihar elections cpiml

ബിഹാർ തെരഞ്ഞെടുപ്പ് പോരാട്ടം ഇഞ്ചോടിഞ്ചായി നീങ്ങുമ്പോള്‍ മഹാസഖ്യത്തിനുണ്ടായ തിരിച്ചടിയ്ക്ക് കാരണമായത് കോണ്‍ഗ്രസിന്‍റെ നിരാശാജനകമായ പ്രകടനം. തേജസ്വി യാദവിന്‍റെ ആര്‍ജെഡി, മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി 63 സീറ്റില്‍ മുന്നേറുമ്പോള്‍ കോണ്‍ഗ്രസിന് 20 സീറ്റില്‍ മാത്രമാണ് ലീഡ് നേടാനായത്. അതേസമയം 19 സീറ്റിൽ ലീഡ് ചെയ്യുന്ന ഇടതുപക്ഷം ശക്തമായ തിരിച്ചുവരവാണ് ബീഹാറിൽ നടത്തിയിരിക്കുന്നത്.

70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് മൂന്നിലൊന്ന് സീറ്റില്‍ പോലും മുന്നേറാകാനാകാത്തതാണ് മഹാസഖ്യത്തിന് ഈ ഘട്ടത്തില്‍ തിരിച്ചടിയാകുന്നത്. എന്നാൽ 29 സീറ്റുകളിൽ മത്സരിച്ച ഇടതുപാർട്ടികൾ 19 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.

തീവ്ര ഇടതുപക്ഷനിലപാടുകളുള്ള സിപിഐ(എംഎൽ)ലിബറേഷൻ (Communist Party of India (Marxist–Leninist) Liberation) മത്സരിച്ച 19 സീറ്റുകളിൽ 14 ഇടത്തും മുന്നേറുകയാണ്. ആറു സീറ്റുകളിൽ മത്സരിച്ച സിപിഐ മൂന്ന് സീറ്റുകളിൽ മുന്നേറുമ്പോൾ നാലു സീറ്റുകളിൽ മത്സരിച്ച സിപിഐ(എം) രണ്ട് സീറ്റുകളിലും മുന്നേറുന്നുണ്ട്. സിപിഐ(എംഎൽ)ലിബറേഷന്റെ അപ്രതീക്ഷിത വിജയവും സിപിഐ, സിപിഐ(എം) എന്നിവരുടെ തിരിച്ചുവരവും ബീഹാറിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ പ്രധാനഘടകമായി മാറുമെന്നത് തീർച്ചയാണ്.

ബിജെപിയ്ക്കെതിരായ സഖ്യങ്ങളിൽ കോൺഗ്രസ് ഒരു പ്രധാനഘടകമല്ലാതായി മാറുകയാണ് എന്ന സന്ദേശമാണ് ബീഹാർ തെരെഞ്ഞെടുപ്പ് ഫലം നൽകുന്നത്. ഇത്തരം സഖ്യങ്ങളിൽ കോൺഗ്രസിതര സാധ്യതകളിലേയ്ക്ക് ജനഹിതം തിരിയുന്ന സൂചനകളുടെ തുടക്കമാകാം ബീഹാർ തെരെഞ്ഞെടുപ്പ് എന്നും വിലയിരുത്തപ്പെടുന്നു.

Content: Bihar Assembly Elections: While Congress had a bad performance Left Parties did it in a surprising way with 19 seats out of 29