മകൾ മരിച്ചിട്ടു ഒരുവർഷം അന്വേഷണം എങ്ങുമെത്തിയില്ല; ഫാത്തിമ ലത്തീഫിന് നീതി ലഭിക്കാനായി കുടുംബം കാത്തിരിക്കുന്നു

single-img
9 November 2020

ഐഐടി വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമാ ലത്തീഫ് മരിച്ച് ഒരു വർഷം തികയുമ്പോഴും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. നിലവിൽ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പലതവണ ബന്ധുക്കളെ ഫോണിൽ വിളിച്ചെങ്കിലും ഇതുവരെയും മൊഴി രേഖപ്പെടുത്താനായി പോലും ഫാത്തിമയുടെ വീട്ടിൽ വന്നിട്ടില്ല. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുൽ ലത്തീഫ് സിബിഐ ഡയറക്ടർക്ക് കത്തയച്ചു.

കഴിഞ്ഞ വർഷം നവംബർ 9ന് ആണ് ഐഐടിയിലെ ഒന്നാം വർഷ വിദ്യാർഥി രണ്ടാംകുറ്റി പ്രിയദർശിനി നഗർ 173, കീലോംതറയിൽ ഹൗസിൽ ലത്തീഫിന്റെ മകൾ ഫാത്തിമയെ ചെന്നൈയിൽ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരണത്തിനു കാരണക്കാരൻ അധ്യാപകൻ സുദർശൻ പത്മനാഭൻ ആണെന്ന് ഫാത്തിമ മൊബൈൽ ഫോണിൽ കുറിച്ചിരുന്നു. മറ്റ് രണ്ട് അധ്യാപകർക്കെതിരെയും ആരോപണമുയർന്നിരുന്നു. എന്നാൽ ആരോപണവിധേയർക്കെതിരെ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

പ്രാഥമിക അന്വേഷണം നടത്തിയ തമിഴ്‌നാട് കോട്ടൂർപുരം പൊലീസിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ കേസ് ചെന്നൈ സിറ്റി പൊലീസിന്റെ കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ചിന് കൈമാറി. ഇതിനിടെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു 41 എംപിമാർ ഒപ്പിട്ട നിവേദനവുമായി ഫാത്തിമയുടെ പിതാവ് ലത്തീഫ്, ഇരട്ട സഹോദരി ഐഷ, അന്നത്തെ കൊല്ലം മേയർ വി.രാജേന്ദ്രബാബു എന്നിവർ എൻ.കെ.പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ 17 എംപിമാരോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടപ്പോൾ സിബിഐ അന്വേഷണത്തിന് ഉടൻ ഉത്തരവിടുകയായിരുന്നു. വനിതാ ഐജിയുടെ നേതൃത്വത്തിൽ അന്വേഷിക്കുമെന്നു ഉറപ്പു നൽകുകയും ചെയ്തു. പ്രധാനമന്ത്രിയെയും സംഘം സന്ദർശിച്ചിരുന്നു. തുടർന്ന് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി അന്വേഷണം നിർത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച സിബിഐ സംഘം ബന്ധുക്കളെ വീണ്ടും വിളിച്ചു. ഉടൻതന്നെ മൊഴിയെടുക്കാനായി എത്തുമെന്നും അറിയിച്ചിട്ടുണ്ട്. മകൾ നഷ്ടമായിട്ട് ഒരു വർഷം തികയുമ്പോഴും മരണകാരണം പോലും അറിയാനാകാതെ ഉറക്കമില്ലാത്ത കഴിയുകയാണെന്ന് പിതാവ് ലത്തീഫ് പറഞ്ഞു. മാതാവ് സജിതയും സഹോദരി ഐഷയും ആഘാതത്തിൽ നിന്നു മുക്തരായില്ല. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ സത്വര നടപടി വേണമെന്നാവശ്യപ്പെട്ട് എൻ.കെ പ്രേമചന്ദ്രൻ എംപി കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രിക്കു കത്തു നൽകി. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഡയറക്ടർക്ക് കത്ത് അയച്ചു കാത്തിരിക്കുകയാണ് വീട്ടുകാർ.