ഞങ്ങള്‍ ഇവിടെ എന്തുകൊള്ളയും നടത്തും; അഴിമതി ചോദ്യം ചെയ്യരുതെന്ന് പറയാൻ ഇത് കമ്യൂണിസ്റ്റ് ചൈനയല്ല, ജനാധിപത്യ കേരളമാണ്

single-img
9 November 2020

അന്വേഷണ ഏജന്‍സികള്‍ ഒന്നും അന്വേഷിക്കാന്‍ പാടില്ല. ഞങ്ങള്‍ ഇവിടെ എന്തുകൊള്ളയും നടത്തും; ചോദിക്കാനും പറയാനും ആരും വരരുതെന്ന് പറയാന്‍ ഇത് ചൈനയല്ല, ജനാധിപത്യ കേരളമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സമസ്ത മേഖലകളിലും സർക്കാർ കൊള്ള നടത്തുകയാണ്. സംസ്ഥന ഗവണ്‍മെന്റിന്റെ വന്‍കിട പദ്ധതികളെ മുഴുവന്‍ തടസ്സപ്പെടുത്തുന്നു എന്നു പറയുന്നത് അസംബന്ധമാണ്. കേരള സര്‍ക്കാരിന്റെ ഒരോ പദ്ധതിയിലും അഴിമതിയും കൊള്ളയുമാണെങ്കില്‍ അത് അന്വേഷിക്കുക തന്നെ ചെയ്യണം. ഈ അഴിമതികൾ ചൂണ്ടിക്കാണിക്കുമ്പോൾ വന്‍കിട പദ്ധതികളെ മുഴുവന്‍ തടസ്സപ്പെടുത്തുന്നു എന്നു പറഞ്ഞു വിലപിക്കുന്നത് പരിഹാസ്യമാണെന്നു അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ മറവില്‍ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കുത്തക കമ്പനിയായ സ്പ്രിംഗളറിനു കൊടുത്തപ്പോള്‍ അതിനെ ഞങ്ങള്‍ എതിര്‍ത്തു. ഞങ്ങള്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് പിന്നീട് തെളിഞ്ഞില്ലേ? ശിവശങ്കര്‍ ചെയര്‍മാനായ കമ്മിറ്റിയായിരുന്നു ബെവ്ക്യു ആപ്പിന്റെ അഴിമതിക്ക് പിന്നില്‍.

റിട്ടയര്‍ ചെയ്യുന്നതിന്‍റെ തലേദിവസം മുന്‍ ചീഫ് സെക്രട്ടറിയെ ഉപയോഗിച്ചു പമ്പയിൽ അടിഞ്ഞുകൂടിയ മണൽ സ്വകാര്യ വ്യക്തിക്ക് കച്ചവടം നടത്താൻ തീരുമാനിച്ചതില്‍ അഴിമതിയുണ്ടായിരുന്നു. ഇ-മൊബിലിറ്റി അഴിമതി നടത്താനുള്ള മറ്റൊരു പദ്ധതിയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

പിൻവാതിൽ നിയമനകൾക്കുവേണ്ടി തലങ്ങും വിലങ്ങും കണ്‍സള്‍ട്ടന്‍സികളാണ്. കൺസൾട്ടൻസികൾ വഴി സ്വപ്ന സുരേഷ് ഉൾപ്പെടെ ഭരണക്കാർക്ക് വേണ്ടവരെ പിന്‍വാതിലിലൂടെ നിയമിക്കുന്നു. ലൈഫ് മിഷനിലെ 20 കോടിയുടെ പദ്ധതിയില്‍ ഒന്‍പതര കോടി കമീഷനാണ്. പാവപ്പെട്ടവർക്കുള്ള പദ്ധതിയിൽ പാതി പണവും മുഖ്യമന്ത്രിയുടെ ഓഫീസിനെ ഭരിച്ച മാഫിയക്ക് കമീഷനായി കിട്ടുന്നു.

കിഫ്ബിയില്‍ കോടികളുടെ അഴിമതി നടക്കുന്നു. കിഫ്ബിയുടെ പദ്ധതികളെപ്പറ്റി നിയമസഭ അറിയണ്ട, മന്ത്രിസഭയും അറിയണ്ട, സി.എ.ജി ഓഡിറ്റ് പോലും വേണ്ട എന്ന സർക്കാർ നിലപാട് അഴിമതിക്ക് കുടപിടിക്കാനാണ്.

സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടു വന്ന ഓരു പദ്ധതിയും ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല, സർക്കാരിന് കമീഷന്‍ പറ്റാൻ മാത്രം ഉദ്ദേശിച്ചാണ്. ഇത് അനുവദിച്ചുതരാൻ പറ്റില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ കരാര്‍ ഉറപ്പിച്ചത് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളാണ് എന്നുള്ളതാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച പദ്ധതിയാണ് സ്‌കൂള്‍ ഹൈടെക്ക് പദ്ധതി. ആ പദ്ധതി ഉപയോഗിച്ചാണ് റമീസ് സ്വര്‍ണ്ണക്കടത്തിനുളള നിക്ഷേപം സമാഹരിച്ചതെന്ന് ഇന്ന് വാര്‍ത്തകള്‍ പുറത്തുവന്നു. നിക്ഷപക്ഷമായ അന്വേഷണം ഇതിന്മേല്‍ നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.