സൗദി മൗനം വെടിഞ്ഞത് 24 മണിക്കൂറിന് ശേഷം; ജോ ബൈഡന് അഭിനന്ദനവുമായി സൗദി രാജാവ്

single-img
9 November 2020

അമേരിക്കയില്‍ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അഭിനന്ദനമറിയിച്ച് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും. മറ്റുള്ള അറബ് രാജ്യങ്ങളില്‍ നിന്നും ബൈഡന് നേരത്തെ അഭിനന്ദനമെത്തിയപ്പോള്‍ ബൈഡന്റെ വിജയ പ്രഖ്യാപനം കഴിഞ്ഞ് 24 മണിക്കൂറിനു ശേഷമാണ് സൗദി രാജവസതിയില്‍ നിന്നുള്ള അഭിനന്ദനം വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ് .

കഴിഞ്ഞ ദിവസം ടാന്‍സാനിയയില്‍ വീണ്ടും അധികാരത്തിലേറിയ പ്രസിഡന്റ് ജോണ്‍ മഗ്ഫുലിക്ക് സല്‍മാന്‍ രാജകുമാരന്‍ അഭിനന്ദനമറിയിക്കുകയും ചെയ്തപ്പോഴും അമേരിക്കയെ ഒഴിവാക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജിയുടെ കൊലക്കേസിലെ ബൈഡന്‍ സ്വീകരിക്കുന്ന നയം, യെമന്‍ യുദ്ധത്തിനുള്ള അമേരിക്കന്‍ പിന്തുണ അവസാനിപ്പിക്കാനുള്ള ബൈഡന്റെ ആഹ്വാനം, ഇറാനോടുള്ള ബൈഡന്റെ മൃദു സമീപനം എന്നിവ സൗദിയെ വളരെ ആശങ്കയിലാക്കുന്നുണ്ട്.

ഇതിനെല്ലാം പുറമെ സൗദിയില്‍ നിന്നും അടുത്തിടെയായി നിരന്തരം പുറത്തു വന്നു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോര്‍ട്ടുകളും ബൈഡന്റെ നയ രൂപീകരണത്തെ ഏത് രീതിയില്‍ സ്വാധീനിക്കുമെന്ന് സൗദിക്ക് ആശങ്കയുണ്ട്.