തമിഴ്‌നാട്ടിൽ മാധ്യമ പ്രവർത്തകന്‍റെ കൊലപാതകം; നാല് പേർ അറസ്റ്റിൽ

single-img
9 November 2020

തമിഴ്നാട്ടിൽ ഭൂമാഫിയാ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവർത്തകനെ കൊലപെടുത്തിയ സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴൻ ടിവിയിലെ റിപ്പോർട്ടർ മോസസ് ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ കാഞ്ചീപുരം സ്വദേശികളായ വെങ്കടേശൻ, നവമണി, വിഗ്നേഷ്, മനോജ് എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ നാല് പേരും അനധികൃത ഭൂമി കൈയ്യേറ്റ കേസിൽ ഉൾപ്പെട്ടവരാണ്. അതേസമയം കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ച് കാഞ്ചീപുരം എസ്‌പിക്ക് അന്വേഷണ ചുമതല കൈമാറി. മോസസിന്റെ കൊലപാതകത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും ഭൂമാഫിയകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ കാഞ്ചീപുരത്തെ സ്വന്തം വീടിന് മുന്നിൽ വച്ചായിരുന്നു മോസസ് കൊല്ലപ്പെട്ടത്. ജോലിക്ക് ശേഷം മടങ്ങി വരുകയായിരുന്ന മോസസിനെ മൂന്ന് ബൈക്കുകളിലെത്തിയ ഗുണ്ടാസംഘം വീടിന് മുന്നിൽ വച്ച് തടഞ്ഞു വെച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

പ്രദേശത്തെ ഭൂ മാഫിയകളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളുടെ അനധികൃത പങ്കിനെ കുറിച്ചും മോസസ് വാർത്താ പരമ്പര ചെയ്തിരുന്നു. ഇവയ്ക്ക് പുറമേ ലഹരി സംഘങ്ങളുമായി രാഷ്ട്രീയ നേതൃത്വത്തിന്റെ ബിസിനസ് ഇടപാടുകളെ കുറിച്ചും റിപ്പോർട്ട് ചെയ്തിരുന്നു. രാഷ്ട്രീയ – ഗുണ്ടാസംഘമാണ് കൊലപാതകത്തിന് പിന്നില്ലെന്ന് മോസസിന്റെ കുടുംബം ആരോപിച്ചു.