മാസ്‍ക് ധരിക്കുന്നതില്‍ ഇളവ് വേണോ; ദുബായിൽ ഓണ്‍ലൈന്‍ അപേക്ഷ നൽകിയാൽ മതി

single-img
9 November 2020

ദുബായിൽ ഇനിമുതൽ പ്രത്യേക ആരോഗ്യ പ്രശ്‍നങ്ങളുള്ളവര്‍ക്ക് മാസ്‍ക് ധരിക്കുന്നതില്‍ ഇളവ് അനുവദിക്കാന്‍ ഹെല്‍ത്ത് അതോരിറ്റിയുടെ തീരുമാനം. ഇതിന് വേണ്ടി ആവശ്യക്കാർ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് അതോരിറ്റി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

അധികൃതർക്ക് ലഭിക്കുന്ന അപേക്ഷകള്‍ വിദഗ്ധ സമിതി പരിശോധിച്ച് അഞ്ച് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കും. മാസ്‍ക് ധരിക്കുന്നതിനാൽ ഗുരുതരമാവുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്‍നങ്ങളുള്ളവര്‍ക്കാണ് ഈ പ്രത്യേക ഇളവ് അനുവദിക്കുക.

ഇതിനായി http://dxbpermit.gov.ae എന്ന വെബ്സൈറ്റ് വഴി അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷയുടെ കൂടെ രോഗാവസ്ഥ വിശദമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും എമിറേറ്റ്സ് ഐ.ഡി അടക്കമുള്ള മറ്റ് രേഖകളും നൽകണം. മാസ്കിൽ അടങ്ങിയിട്ടുള്ള ഘടകങ്ങളിലേതെങ്കിലും കാരണമായുണ്ടാകുന്ന അലര്‍ജി, ഗുരുതരമായ ത്വക്ക് രോഗങ്ങള്‍, വായിലെയോ മൂക്കിലെയോ മറ്റ് ഗുരുതര രോഗങ്ങള്‍, നിയന്ത്രിക്കാനാവാത്ത സൈനസൈറ്റിസ്, ആസ്‍തമ തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാനസിക രോഗങ്ങളുള്ളവര്‍ക്കുമൊക്കെയായിരിക്കും ഇളവ് അനുവദിക്കുക.