ബോളിവുഡിനെതിരെ അപകീർത്തികരമായി ഒന്നും പ്രക്ഷേപണം ചെയ്യരുത്: റിപ്പബ്ലിക്ക് ടിവിയ്ക്കും ടൈംസ് നൌവിനും ഡൽഹി ഹൈക്കോടതിയുടെ അന്ത്യശാസനം

single-img
9 November 2020
republic tv delhi high court times now

ബോളിവുഡിനും സിനിമാപ്രവർത്തകർക്കുമെതിരായി അപകീർത്തികരമായ വാർത്തകൾ പ്രക്ഷേപണം ചെയ്യരുതെന്ന് റിപ്പബ്ലിക് ടിവിയ്ക്കും ടൈംസ് നൌവിനും (Republic TV and Times Now) ഡൽഹി ഹൈക്കോടതിയുടെ (Delhi High Court) അന്ത്യശാസനം. ബോളിവുഡ് താരങ്ങളെ മാധ്യമവിചാരണ നടത്തുന്നതിനെതിരെ 38 ഹിന്ദി സിനിമ സംഘടനകളും നിർമ്മാണ കമ്പനികളും ചേർന്ന് നൽകിയ ഹർജിയിലാണ് ഉത്തരവ്.

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവി, ടൈംസ് നൌ എന്നീ ചാനലുകൾ നടത്തിയ തത്വദീക്ഷയില്ലാത്തതും നിലവാരം കുറഞ്ഞതും പക്ഷപതപരവുമായ റിപ്പോർട്ടുകൾക്കെതിരെയായിരുന്നു ഹർജി.

റിപ്പബ്ലിക് ടിവി(Republic TV), അതിന്റെ ചീഫ് എഡിറ്റർ അർണബ് ഗോസ്വാമി(Arnab Goswami), റിപ്പോർറ്റർ പ്രദീപ് ഭണ്ഡാരി(Pradeep Bhandari); ടൈംസ് നൌ ചാനൽ(Times Now) , അതിന്റെ ചീഫ് എഡിറ്റർ രാഹുൽ ശിവശങ്കർ(Rahul Shivshankar), ഗ്രൂപ്പ് എഡിറ്റർ നവിക കുമാർ(Navika Kumar) നിരവധി സമൂഹമാധ്യമ സംവിധാനങ്ങൾ എന്നിവരോടായായിരുന്നു കോടതിയുടെ നിർദ്ദേശം.

മാധ്യമങ്ങൾ നിക്ഷപക്ഷമായും മാന്യമായും റിപ്പോർട്ടുകൾ ചെയ്യണമെന്ന് കോടതി പറഞ്ഞു.

“നിങ്ങൾ മാധ്യമങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്താത്തിടത്തോളം ഇത്തരം കാര്യങ്ങളിൽ എന്തു ചെയ്യാനാണ്? നിങ്ങൾ വിഷയങ്ങളെ മുൻവിധിയോടെ സമീപിക്കുകയാണ്. വാർത്തകൾ കുറവും അഭിപ്രായങ്ങൾ കൂടുതലുമാണ് നിങ്ങൾ പ്രസിദ്ധീകരിക്കുന്നത്.”

കോടതി നിരീക്ഷിച്ചു.

ജനങ്ങൾ മാധ്യമങ്ങളെ ഭയപ്പെടുന്ന അവസ്ഥ സംജാതമായിരിക്കുന്നു. ഇവരൊക്കെ പൊതുവ്യക്തിത്വങ്ങളായതുകൊണ്ട് അവരുടെ സ്വകാര്യത അൽപ്പമൊക്കെ ലംഘിക്കപ്പെടുമെന്നത് സത്യമാണ്. പക്ഷേ ഡയാന രാജകുമാരിയെ മാധ്യമങ്ങൾ പിന്തുടർന്നപ്പോൾ സംഭവിച്ച ദുരന്തം നാം കണ്ടതാണ്. നിങ്ങൾക്ക് ഇങ്ങനെ തുടരാൻ കഴിയില്ല. കോടതികളാണ് ഇതിൽ അവസാനവാക്കാകുന്നത്. ഒരു നിയമവും പിന്തുടരാൻ നിങ്ങൾ തയ്യാറല്ലെന്നുണ്ടോയെന്നും ചാനലുകളോട് കോടതി ചോദിച്ചു.

” ഇത് മനസുമടുപ്പിക്കുന്നതും ആത്മവീര്യം കെടുത്തുന്നതുമായ രീതിയാണ്. ഇത് എല്ലാവരെയും താറടിച്ച് കാണിക്കുകയും അവരുടെ ആത്മവീര്യംകെടുത്തുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ അത് ജുഡിഷ്യറിയെ ഉപദവിക്കുന്നില്ല. നാളെ അതുമുണ്ടായേക്കാം. തീർച്ചയായും നിങ്ങൾ അന്വേഷണങ്ങൾ നടത്തണം, പക്ഷേ അത് മാന്യമായ രീതിയിൽ റിപ്പോർട്ട് ചെയ്യണം.”

കോടതി ടൈംസ് നൌവ്വിന്റെ അഭിഭാഷകനായ സന്ദീപ് സേഥിയോട് പറഞ്ഞു.

ചാനലുകളിലെ സംവാദങ്ങളെക്കുറിച്ചും കോടതി നിരീക്ഷണങ്ങൾ നടത്തി. യാതൊരു സഭ്യതയും മര്യാദയുമില്ലാതെയാണ് ചാനൽ ചർച്ചകൾ നടക്കുന്നത്. ആവേശം മൂക്കുമ്പോൾ പാനലിസ്റ്റുകൾ അസഭ്യവാക്കുകളൊക്കെ ഉപയോഗിക്കുന്നത് കാണാറുണ്ട്. നിങ്ങൾ അതിന് വളംവെച്ചുകൊടുത്ത്കൊടുത്താൽ ഇതൊക്കെയാണ് സംഭവിക്കുന്നതെന്നും കോടതി ചാനലുകളോടായി പറഞ്ഞു.

“പണ്ട് നാം കരുതിയത് ദൂരദർശൻ(Doordarshan) വളരെ വിരസമാണെന്നായിരുന്നു. ദൂരദർശൻ തിരിച്ചുവന്നെങ്കിലെന്ന് ഇപ്പോൾ ആശിച്ചുപോകുന്നു. അവർക്ക് നല്ല അവതാരകർ ഉണ്ടായിരുന്നു.”

ജസ്റ്റിസ് രാജീവ് ശക്ധേർ പറഞ്ഞു.

ചാനൽ ചർച്ചകൾക്കിടയ്ക്ക് കാണിക്കുന്ന തീജ്വാലകളുടെയും മറ്റും ദൃശ്യങ്ങളും കുഴപ്പമാണ്. വിവരവും വിദ്യാഭ്യാസവും ഉള്ളവരെപ്പോലും ഇത്തരം നിലവാരം കുറഞ്ഞ ചർച്ചകൾ സ്വാധീനിക്കുന്ന അവസ്ഥയുണ്ടെന്നും കോടതി നിരീക്ഷിച്ചു. യൂട്യൂബിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന അപകീർത്തികരമായ വീഡിയോകൾ നീക്കം ചെയ്യണമെന്ന് ഇപ്പോൾ കോടതി പറയുന്നില്ല.

പരാതിയിലെ പ്രതിസ്ഥാനത്ത് നിന്നും തങ്ങളെ നീക്കണമെന്ന ഫെയ്സ്ബുക്ക് ഇന്ത്യയുടെയും(Facebook India) ഗൂഗിൾ ഇന്ത്യയുടെയും(Google India) ആവശ്യം കോടതി അംഗീകരിച്ചു. ബാക്കിയുള്ള കക്ഷികൾ രണ്ടാഴ്ചയ്ക്കകം വിശദീകരണം എഴുതിത്തരണമെന്നാവശ്യപ്പെട്ട കോടതി കേസ് വാദം കേൾക്കുന്നതിനായി ഡിസംബർ 14-ആം തീയതിയിലേയ്ക്ക് മാറ്റിവെച്ചു.

Content: ‘Ensure no defamatory content against Bollywood is broadcast’: Delhi High Court tells Republic TV, Times now