ബിനീഷ് കോടിയേരിയുടെ മകളെ അന്യായമായി തടവിൽ വെച്ചെന്ന പരാതിയിൽ ഇഡിക്കെതിരായ നീക്കത്തിൽ നിന്ന് ബാലാവകാശ കമ്മീഷൻ പിന്മാറി

single-img
9 November 2020

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട സംഭവത്തിൽ നടപടിയെടുക്കില്ലെന്ന് ബാലാവകാശ കമ്മീഷൻ. ബിനീഷിന്റെ കുടുംബം നൽകിയ പരിതിയിലെ നടപടിയില്‍ നിന്നാണ് ബാലാവകാശ കമ്മീഷന്‍ പിന്മാറിയത്.ഇഡിക്കെതിരെ തുടർനടപടികൾ ഇല്ലെന്ന് ബാലാവകാശ കമ്മീഷൻ. കുട്ടിയുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടിട്ടില്ല. കോടിയേരി വീട് റെയ്ഡ് നടന്നപ്പോഴുണ്ടായ പരാതി സംബന്ധിച്ച കാര്യങ്ങൾ അന്ന് തന്നെ തീർപ്പാക്കിയതാണെന്നും ബാലാവകാശ കമ്മീഷൻ അം​ഗം കെ നസീർ വ്യക്തമാക്കി.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ ഉദ്യോ​ഗസ്ഥർ വീട് റെയ്ഡ് ചെയ്യാനെത്തിയിരുന്നു. ബിനീഷിന്റെ ഭാര്യയും കുഞ്ഞും ഭാര്യാമാതാവുമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. ബിനീഷ് കോടിയേരിയുടെ മകളെ നിയമവിരുദ്ധമായി തടവിൽ വെച്ചെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരെ കേസ് എടുക്കാൻ ബാലാവകാശ കമ്മീഷൻ നേരത്തെ നിർദേശം നൽകിയിരുന്നു. ബിനീഷ് കോടിയേരിയുടെ രണ്ടര വയസ് പ്രായമുള്ള കുഞ്ഞിനെ നിയമവിരുദ്ധമായി തടവിൽ വെച്ച് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇടപെടൽ. കേസ് എടുക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയ ബാലാവകാശ കമ്മീഷൻ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച് റിപ്പോർട്ട് നൽകാനും നിർദേശിച്ചിരുന്നു. നിരവധി മണിക്കൂറുകൾ നീണ്ടു നിന്ന റെയ്ഡ് കടുത്ത മാനസികസമ്മർദ്ദമുണ്ടാക്കിയെന്നും രണ്ടരവയസ്സുള്ള കുഞ്ഞിന് ഉറങ്ങാൻ പോലും കഴിഞ്ഞില്ലെന്നും ഇവർ പറഞ്ഞിരുന്നു.

ബിനീഷ് കോടിയേരിയുടെ ഭാര്യ പിതാവ് ബാലാവകാശ കമ്മീഷൻ പരാതി നൽകുകയും ചെയ്തു. തുടർന്ന്, ഉടൻ തന്നെ ബാലാവകാശ കമ്മീഷൻ അം​ഗങ്ങള്‌‍ വീട്ടിലെത്തി ഇവരെ സന്ദർശിച്ചിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തു. ബാലാവകാശ കമ്മീഷന്‍റേത് പക്ഷപാതപരമായ നിലപാട് ആണെന്നും വിമർശനം ഉയർന്നു. എന്നാൽ, കോടതിയുടെ സെർച്ച് വാറന്റോടെ ബിനീഷ് കോടിയേരിയുടെ വീട് പരിശോധിച്ച ഇഡിയ്ക്കെതിരെ നടപടിയുമായി മൻപോട്ട് പോയാൽ അത് ബാലാവകാശ കമ്മീഷന് കുരുക്കാകുമെന്ന വിലയിരുത്തലിലാണ് നടപടിയിൽ നിന്ന് പിൻമാറാൻ ബാലാവകാശ കമ്മീഷൻ തീരുമാനിച്ചു ഇനി തുടർനടപടിയില്ലെന്ന് ബാലാവകാശ കമ്മീഷൻ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.