കമറുദ്ദീന്റേത് തട്ടിപ്പല്ല, ബിസിനസ് പൊളിഞ്ഞത്; അറസ്റ്റ് അന്യായം; രാജി വെയ്ക്കേണ്ട സാഹചര്യമില്ല: ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടി

single-img
8 November 2020
pk kunhalikkutty mc kamaruddin

തട്ടിപ്പുകേസിൽ അറസ്റ്റിലായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെ(MC Kamaruddin) ന്യായീകരിച്ച് മുസ്ലീം ലീഗ്(Muslim League) ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി(PK Kunhalikkutty). കമറുദ്ദീന്റേത് തട്ടിപ്പല്ലെന്നും ബിസിനസ് പൊളിഞ്ഞതുമൂലം നിക്ഷേപകർക്ക് പണം നൽകാൻ സാധിക്കാതെ പോയതിന് അറസ്റ്റ് ചെയ്തത് അന്യായമാണെന്നും കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നിക്ഷേപകർക്ക് പണം ലഭിക്കണമെന്നതാണ് ലീഗിന്റെ നിലപാട്. നിക്ഷേപകർക്ക് ഏതുവിധേനയും പണം തിരിച്ചുകൊടുക്കണമെന്ന് മുസ്ലീം ലീഗ് കമറുദ്ദീനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്നാൽ ഈ കേസിൽ എംസി കമറുദ്ദീനെ അറസ്റ്റ് ചെയ്തത് വേണ്ടത്ര അന്വേഷണം നടത്താതെയാണ്. ചോദ്യം ചെയ്യലിന്റെ ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥൻ പുറത്ത് വന്ന് മാധ്യമങ്ങളോട് അറസ്റ്റ് പ്രഖ്യാപിച്ചത് സംശയകരമാണ്. സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ കമറുദ്ദീനെ കരുവാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

“ആരോപണങ്ങളൊക്കെ ശരിയാകണമെന്നുണ്ടോ? ഏതെല്ലാം നേതാക്കൾക്കെതിരെ എന്തെല്ലാം അന്വേഷണങ്ങൾ വരുന്നു?”

കുഞ്ഞാലിക്കുട്ടി ചോദിച്ചു.

രാഷ്ട്രീയമായി വാർത്ത സൃഷ്ടിക്കുന്നതിനായാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ഈ സമീപനം അതിരുകടന്നതാണ്. കമറുദ്ദീന്റെ കാര്യത്തിൽ ഒരു കേസിലും അന്വേഷണം പൂർത്തിയായിട്ടില്ല. മറ്റന്വേഷണങ്ങളെ ബാലൻസ് ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

നല്ലൊരു രാഷ്ട്രീയ പ്രവർത്തകനാണ് കമറുദ്ദീനെന്നും നിരവധി സമരങ്ങളിലും മറ്റും പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ ചരിത്രം അദ്ദേഹത്തിനുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊതുപ്രവർത്തകൻ, ഗായകൻ എന്നിങ്ങനെ നിരവധി മേഖലകളിൽ തിളങ്ങിനിന്ന നേതാവെന്ന നിലയിലാണ് അദ്ദേഹത്തെ പാർട്ടി സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ അദ്ദേഹം നിക്ഷേപകർക്ക് പണം കൊടുക്കാനുള്ള കാര്യം പാർട്ടിയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കമറുദ്ദീൻ വലിയ ധനികനല്ലെന്നും ഒരു ജ്വല്ലറി സ്ഥാപനത്തിന്റെ “ഓണററി ചെയർമാൻ സ്ഥാനം” വഹിക്കുന്നയാൾ മാത്രമായിരുന്നു അദ്ദേഹമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേഉമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച തെളിവുകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കുഞ്ഞാലിക്കുട്ടി തയ്യാ‍റായില്ല.

അതേസമയം, ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ എംസി കമറുദ്ദീനെതിരെ രണ്ട് വഞ്ചന കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കാസർകോട്, ചന്തേര സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വലിയപറമ്പ്, തൃക്കരിപ്പൂർ സ്വദേശികളിൽ നിന്നും യഥാക്രമം 11 ലക്ഷവും 16 ലക്ഷവും നിക്ഷേപമായി വാങ്ങി തിരിച്ചു നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. ഒളിവിലായ പൂക്കോയ തങ്ങളും ഈ കേസുകളിൽ കമറുദ്ദീൻ എംഎൽഎയുടെ കൂട്ടുപ്രതിയാണ്. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാകേസുകൾ 111 ആയിട്ടുണ്ട്.

Content: MC Kamaruddin not a cheater; State government misused power to arrest him: Muslim League leader PK Kunhalikkutty