കോവിഡല്ല സാമ്പത്തിക തകര്‍ച്ചക്ക് കാരണം നോട്ടുനിരോധനവും ജിഎസ്റ്റി യും; നോട്ട്‌നിരോധനത്തിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി സര്‍ക്കാരിനെയും രൂക്ഷമായി വിമർശിച്ചു രാഹുൽഗാന്ധി

single-img
8 November 2020

നോട്ട്‌നിരോധന നിരോധനത്തിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നോട്ടു നിരോധനം കൊണ്ട് പ്രധാനമന്ത്രിക്ക് വലിയ വായ്പാതട്ടിപ്പുകാരായ തന്റെ ചില സുഹൃത്തുക്കളുടെ ബാധ്യത ഒഴിവാക്കി രക്ഷിക്കുകയായിരുന്നു പിന്നിലെ പ്രധാന ഉദ്ദേശമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ജനതാത്പര്യം കണക്കിലെടുത്തല്ല 2016-ലെ നോട്ട് നിരോധനമെന്നും രാജ്യത്തിന്റെ സമ്പദ്ഘടന അതുമൂലം തകര്‍ന്നെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ലോകത്തിലെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥകളിലൊന്നായിരുന്ന ഇന്ത്യയെ ബംഗ്ലാദേശ് സമ്പദ് വ്യവസ്ഥ എങ്ങനെ മറികടന്നുവെന്നും രാഹുല്‍ ചോദിച്ചു. രാജ്യത്തെ ജിഡിപി വളര്‍ച്ച 2.2 ശതമാനം കുറഞ്ഞു. നോട്ട് നിരോധനത്തിന് പിന്നാലെ 3.3 ശതാനം ഇടിവ് തൊഴില്‍ മേഖലയില്‍ ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം വാര്‍ഷികദിനത്തില്‍ നോട്ട് നിരോധനം വിജയകരമാണെന്ന് സ്ഥാപിക്കുന്ന സ്ഥിതി വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റ് ചെയ്തു.

കോവിഡാണ് സാമ്പത്തിക തകര്‍ച്ചയുടെ കാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ ബംഗ്ലാദേശിലും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കോവിഡുണ്ടായിരുന്നില്ലേയെന്നും രാഹുല്‍ ചോദിച്ചു. കോവിഡല്ല കാരണം, നോട്ട് നിരോധനവും ജിഎസ്ടിയുമാണ്, രാഹുല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ വീഡിയോയിലൂടെ പറഞ്ഞു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ ആകെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യത്തൊട്ടാകെയുള്ള നോട്ട് നിരോധന പ്രഖ്യാപനം. വര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞ് നോക്കുമ്പോള്‍ പ്രഖ്യാപനം ഉണ്ടാക്കിയ സമ്മിശ്ര പ്രതിഭലനങ്ങളുടെ നിരയും വലുതാണ്. രാജ്യത്തിന്റെ ആകെ പണ ഉപയോഗ ശീലം നോട്ട് നിരോധനം വ്യത്യാസപ്പെടുത്തി.

കള്ളപ്പണത്തിനെതിരെയുള്ള ആക്രമണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ അതങ്ങനല്ലായിരുന്നുവെന്നും രാഹുൽ പറഞ്ഞു.

“അത് പച്ച കള്ളമായിരുന്നു. അക്രമണം ജനങ്ങള്‍ക്ക് നേരെയായിരുന്നു. ജനങ്ങളുടെ പണമെടുത്ത് പ്രധാനമന്ത്രി മോദി തന്റെ രണ്ടു മൂന്ന് ചങ്ങാത്ത മുതലാളിമാര്‍ക്ക് നല്‍കി. നിങ്ങളാണ് വരിയിൽ കാത്തു നിന്നത്. അവരല്ല. നിങ്ങള്‍ ബാങ്കുകളില്‍ നിക്ഷേപിച്ച പണമെടുത്ത് മോദി തന്റെ ചങ്ങാത്ത മുതലാളിമാരുടെ 3,50,000 കോടി രൂപയുടെ വായ്പ എഴുതി തള്ളി” രാഹുല്‍ ആരോപിച്ചു.

നോട്ട് നിരോധനം രാജ്യത്ത് ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ വളര്‍ത്തിയെന്ന് വാര്‍ഷികദിനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവകാശപ്പെട്ടു. കണക്കില്‍പ്പെടാത്ത 900 കോടി രൂപയുടെ സ്വത്ത് നോട്ട് നിരോധനത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ പിടിച്ചെടുത്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത്തരത്തില്‍ 3950 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഓപ്പറേഷന്‍ ക്ലീന്‍ മണി സമ്പദ് വ്യവസ്ഥയെ കരുത്തുള്ളതാക്കിയെന്നും ധനമന്ത്രി അവകാശപ്പെട്ടു. 2016 നവംബര്‍ 8നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധന പ്രഖ്യാപനം നടത്തിയത്.