എംസി കമറുദ്ദീനെ ഉടൻ അറസ്റ്റ് ചെയ്യും; 15 കോടിരൂപയുടെ തട്ടിപ്പ് നടന്നതായി തെളിവുകൾ

single-img
7 November 2020
M C Kamaruddin arrest

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്ലീം ലീഗ് (Muslim League) നേതാവുമായ എംസി കമറുദ്ദീനെ (M C Kamaruddin MLA) അന്വേഷണ സംഘം ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കാ‍സർഗോഡ് എഎസ്പിയും അന്വേഷണ ഉദ്യോഗസ്ഥനുമായ വിവേക് കുമാർ. എംസി കമറുദ്ദീനെ കാസർഗോഡ് എസ്പി ഓഫീസിൽ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യത്തെ പദ്ധതി. എന്നാലിന്നത്തെ ചോദ്യം ചെയ്യലിന് ശേഷം ഉടൻ അറസ്റ്റ് ചെയ്യാൻ സംഘം തീരുമാനിക്കുകയായിരുന്നു. പതിനഞ്ച് കോടിരൂപയുടെ തട്ടിപ്പ് നടന്നതിന്റെ തെളിവുകൾ ലഭിച്ചതായി എ എസ്പി വിവേക് കുമാർ അറിയിച്ചു.

എംസി കമറുദ്ദീൻ എംഎൽഎ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറിക്കെതിരെ വിവിധ നിക്ഷേപകർ കാസർഗോഡ്, ചന്തേര, പയ്യന്നൂർ എന്നീ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി 115 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്വേഷണത്തിനായി കാസർഗോഡ് എസ്പി ഡി ശിൽപ്പയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളാണ് അന്വേഷണത്തിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നത്.

കാസർഗോഡ് എഎസ്പിയായ വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എംസി കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്. ഫാഷൻ ഗോൾഡിന്റെ എംഡിയായ ടികെ പൂക്കോയ തങ്ങളെ നേരത്തേ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

രജിസ്ട്രാർ ഓഫ് കമ്പനീസിൽ രജിസ്റ്റർ ചെയ്ത ഫാഷൻ ഗോൾഡിന്റെ കമ്പനികൾ വ്യാപകമായ ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ജി എസ് ടി വെട്ടിക്കാൻ ശ്രമിച്ചതിന് 2.38 കോടി രൂപ പിഴയും ഈ കമ്പനിയ്ക്കെതിരെ ചുമത്തിയിരുന്നു. നിക്ഷേപകരുടെ പണം വകമാറ്റി ചെലവഴിച്ച് കമ്പനി ഡയറക്ടർമാർ പണം തട്ടിയെടുത്തതായാണ് പരാതി.

തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കമറുദ്ദീന്റെ അറസ്റ്റ് യുഡിഎഫിന് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.

Content: Fashion Gold Jewelry cheating case: M C Kamaruddin to be arrested soon