ട്രമ്പിനെ ബഹുദൂരം പിന്നിലാക്കി ബൈഡൻ മുന്നേറുന്നു; ഉൾക്കൊള്ളാനാകാതെ ട്രമ്പ്

single-img
7 November 2020
joe biden lead

വോട്ടെണ്ണൽ തുടരുന്ന അഞ്ച് സ്റ്റേറ്റുകളിൽ നാലിലും വ്യക്തമായ ലീഡ് നിലനിർത്തി ജോ ബൈഡൻ(Joe Biden) മുന്നേറുമ്പോൾ പരാജയം ഉൾക്കൊള്ളാനാകാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ഡൊണാൾഡ് ട്രമ്പ്(Donald Trump). ബൈഡൻ തെറ്റായ രീതിയിൽ പ്രസിഡന്റ് സ്ഥാനം അവകാശപ്പെടുകയാണെന്നായിരുന്നു ട്രമ്പിന്റെ ട്വീറ്റ്.

അതേസമയം ഇന്നലെ ട്രമ്പിന് ലീഡ് ഉണ്ടായിരുന്ന പെൻസിൽവാനിയയിൽ(Pennsylvania) ബൈഡന്റെ ലീഡ് 28,833 ആയി ഉയർന്നിരിക്കുകയാണ്. ട്രമ്പിന് ലീഡുണ്ടായിരുന്ന ജോർജ്ജിയയിലും(Georgia) ബൈഡൻ 4395 വോട്ടുകളുടെ ലീഡുമായി മുന്നേറുകയാണ്. 24 വർഷമായി റിപ്പബ്ലിക്കൻ കോട്ടയായിത്തുടരുന്ന അരിസോണയിൽ(Arizona) 29,861 വോട്ടുകൾക്കാണ് ബൈഡൻ ലീഡ് ചെയ്യുന്നത്. നെവാദയിൽ(Nevada) 22,657 വോട്ടുകളൂടെ ഭൂരിപക്ഷം അദ്ദേഹം നിലനിർത്തുന്നു.



നിലവിൽ 253 ഇലക്ടറൽ കോളജ് സീറ്റുകൾ ഉറപ്പാക്കിയ ബൈഡൻ ഈ അഞ്ച് സ്റ്റേറ്റുകളിൽക്കൂടി വിജയിക്കുകയാണെങ്കിൽ 307 സീറ്റുകളുമായി അധികാരത്തിലെത്തും. 270 സീറ്റുകളാണ് വിജയിക്കാൻ ആവശ്യമായത്. അതേസമയം നിലവിൽ 213 സീറ്റുകളിൽ മാത്രം വിജയം ഉറപ്പിക്കാൻ കഴിഞ്ഞ ട്രമ്പിന് ഭൂരിപക്ഷമുള്ളത് 15 ഇലക്ടറൽ സീറ്റുകളുള്ള നോർത്ത് കരോലിനയിൽ (North Carolina) മാത്രമാണ്.

അതേസമയം പരാജയം സമ്മതിക്കാനാകാതെ ട്രമ്പ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിക്കുകയാണ്.

“ജോ ബൈഡൻ തെറ്റായ രീതിയിൽ പ്രസിഡന്റ് സ്ഥാനം അവകാശപ്പെടരുത്. എനിക്കും അതിനവകാശമുണ്ട്. നിയമപരമായ നടപടികൾ ആരംഭിക്കുകയാണ്.”

എന്നായിരുന്നു ട്രമ്പിന്റെ ട്വീറ്റ്.

വോട്ടെണ്ണലിലും തെരെഞ്ഞെടുപ്പ് പ്രക്രിയയിലും തിരിമറി നടന്നിട്ടുണ്ടെന്ന് അവകാശപ്പെട്ട് ട്രമ്പിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ വിഭാഗം രാജ്യമൊട്ടാകെ പരാതികൾ നൽകിയിട്ടുണ്ട്. എന്നാൽ ഈ ആരോപണത്തിന് തെളിവുകളൊന്നും സമർപ്പിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.

Content: Joe Biden moves closer to finalizing a path to the White House