മകളെ ലൈംഗികമായി ഉപദ്രവിച്ചത് ചോദ്യം ചെയ്തു; പെണ്‍കുട്ടിയുടെ പിതാവിനെ യുപിയില്‍ പ്രതികള്‍ തല്ലിക്കൊന്നു

single-img
7 November 2020

തന്റെ മകളെ ലൈംഗികമായി ഉപദ്രവിച്ചവര്‍ക്കെതിരെ പ്രതിഷേധിച്ച പിതാവിനെ പ്രതികള്‍ മാരകായുധങ്ങളുപയോഗിച്ച് തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ദിയോറിയയിലാണ് 50 കാരനായ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. അതേസമയം കൊലപാതകത്തില്‍ അയല്‍ക്കാരനായ യുവാവിനെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കൊലചെയ്യപ്പെട്ട ആളുടെ മകളെ യുവാവ് ലൈംഗികമായി ഉപദ്രവിച്ചിരുന്നു. അതിനെ ചോദ്യം ചെയ്തതിനാണ് പിതാവിനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പോലീസ് അറിയിച്ചു. ഈ യുവാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ച വിവരം പെണ്‍കുട്ടി പിതാവിനെ അറിയിച്ചതിനെ തുടര്‍ന്നാണ്‌ പിതാവ് അയല്‍വാസിയായ യുവാവിന്റെ വീട്ടിലെത്തിയത്.

അവിടെ വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റവുണ്ടാകുകയും പിതാവ് യുവാവിന്റെ മുഖത്തടിക്കുകയും ചെയ്തിരുന്നു. അതോടുകൂടി യുവാവ് തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും പെണ്‍കുട്ടിയുടെ പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

മര്‍ദ്ദനമേറ്റ് അവശനിലയിലായ ഇദ്ദേഹത്തെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവ സ്ഥലത്ത് നിന്നും ആദ്യം ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ലക്‌നൗവിലേക്ക് കൊണ്ടുപോകുകയായിരുന്നു. പക്ഷെ ആശുപത്രിയിലേക്ക് എത്തുംമുന്‍പ് തന്നെ മരണം സംഭവിച്ചു. സംഭവത്തില്‍ ഇതുവരെ എട്ട് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.