സംസ്ഥാനത്ത് ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധനം വരുന്നു; ഇ‑ഓട്ടോ റിക്ഷകൾക്ക് സബ്സിഡി

single-img
7 November 2020
Auto

സംസ്ഥാനത്ത് ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾക്ക് നിരോധനം ഏര്‍പ്പെടുത്തി കേരളാ മോട്ടോര്‍ വാഹനചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തു. 2021 ജനുവരി ഒന്നിന് ശേഷം 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകള്‍ക്ക് റോഡില്‍ ഇറങ്ങാന്‍ സാധിക്കില്ല.

പ്രകൃതി സൗഹാര്‍ദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കാണ് ഈ നിയമം ബാധകമാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങളുടെ നിരോധനം സംബന്ധിച്ച് ദേശിയ ഹരിത ട്രൈബ്യൂണലിന്റെയും നിര്‍ദേശമുണ്ട്. 2020 നവംബർ അഞ്ചിന് ഇറങ്ങിയ നോട്ടിഫിക്കേഷൻ പ്രകാരം ഇത്തരം ഓട്ടോകൾ ഇലക്ട്രിക്, സിഎന്‍ജി, എല്‍പിജി, എല്‍എന്‍ജി തുടങ്ങിയവയിലേക്ക് മാറിയാല്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കും.

അതെ സമയം ഇ‑ഓട്ടോ റിക്ഷകൾക്ക് സബ്സിഡി നൽകുമെന്ന് വ്യവസായവകുപ്പ് മന്ത്രി ഇപി ജയരാജൻ അറിയിച്ചു. 2022 ഓടെ പത്തുലക്ഷം വൈദ്യതി ഇന്ധനമായുള്ള വാഹനങ്ങൾ നിരത്തിലിറക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത് .ഇവയ്ക്കു ആവശ്യമായ ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാൻ കെഎസ്ഇബിയെയാണ് ചുമതലപെടുത്തിയിട്ടുള്ളത് . കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ ഇലക്ട്രിക്ക് ഓട്ടോ റിക്ഷകളുടെ വ്യാപനം ലക്ഷ്യമിട്ടാണ് ആദ്യഘട്ടത്തിൽ ഇ‑ഓട്ടോ റിക്ഷകൾക്ക് സബ്സിഡി നൽകുന്നത്. വ്യവസായ, ഗതാഗത വകുപ്പുകൾ സംയുക്തമായി ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 പേർക്കാണ് സബ്സിഡി നൽകുന്നത്