200 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരനായി രക്ഷാപ്രവര്‍ത്തനം തുടരുന്നു

single-img
6 November 2020

മധ്യപ്രദേശ് ഓർച്ചയിലെ സേഥ്പുര ഗ്രാമത്തിൽ 200 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരനായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. അതേസമയം, പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൈന്യത്തിന്റെ സഹായത്തോടെ സമാന്തരമായി കുഴിയുണ്ടാക്കി കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.

സമാന്തരമായി കുഴി എടുത്ത് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ജില്ലാ ഭരണകൂടം, സൈന്യം, ദുരന്തനിവാരണ സേന എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനം 48 മണിക്കൂര്‍ പിന്നിട്ടു. സിസിടിവി ക്യാമറ ഉപയോഗിച്ച് കുട്ടി നില്‍ക്കുന്നയിടം വ്യക്തമായിട്ടുണ്ട്. 60 അടി താഴ്ച്ചയിലാണ് കുഞ്ഞ് ഉള്ളത്. ആറു ജെസിബി ഉപയോഗിച്ചും, അത്യാധുനിക സംവിധാനങ്ങളോടെ സമാന്തരമായി കുഴി നിര്‍മിക്കുകയാണ്. 20 അടി വീതിയില്‍ നിര്‍മിക്കാനുള്ള ശ്രമവും തുടരുകയാണ്.

കുഞ്ഞിന് ഓക്‌സിജന്‍ നല്‍കുന്നുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില മോശം ആകുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരോഗ്യനില സംബന്ധിച്ച രക്ഷാപ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചില്ല. രക്ഷാപ്രവര്‍ത്തനം കാണാനായി നാട്ടുകാരുടെ തിരക്ക് കാരണം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കുഞ്ഞിനെ എത്രയും വേഗം പുറത്തെത്തിക്കുമെന്നും ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ചയാണ് നവാരി ജില്ലയിലെ സെതുപുര ഗ്രാമത്തില്‍ 200 അടി താഴ്ചയിലെ കുഴല്‍ക്കിണറില്‍ കുട്ടി വീണത്.