മെട്രോ നിയോ; ഇലക്ട്രിക് ബസ് കോച്ചുകളുടെ പദ്ധതിയുമായി കേന്ദ്രസർക്കാർ

single-img
6 November 2020

ഇന്ത്യയില്‍ ഇടത്തരം നഗരങ്ങളില്‍ കുറഞ്ഞ ചെലവില്‍ പരിസ്ഥിതി സൗഹൃദമായ ഗതാഗത സൗകര്യം ലഭ്യമാക്കാനുള്ള പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. മെട്രോ നിയോ എന്ന് പേര് നല്‍കിയിട്ടുള്ള ഈ പദ്ധതിയിലൂടെ ടയര്‍ ടു, ടയര്‍ ത്രീ നഗരങ്ങളില്‍ ചെലവു കുറഞ്ഞ മെട്രോ ഇലക്ട്രിക് ബസ് കോച്ചുകള്‍ ഓടിക്കുന്നതിന്റെ സാധ്യതയാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ പരിശോധിക്കുന്നത്.

ഈ പദ്ധതി കൊണ്ടുവരുന്നതിന്റെ ഭാഗമായി ദേശീയതലത്തില്‍ മാനദണ്ഡങ്ങള്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. .300 ഓളംയാത്രക്കാര്‍ക്ക് ഒരേ സമയം സഞ്ചരിക്കാന്‍ സാധിക്കുന്ന ഇലക്ട്രിക് ബസ് കോച്ചുകളാണ് ഈ സര്‍വീസിന്റെ പ്രത്യേകത. 25 മീറ്ററോളം നീളം വരും.

നിലവില്‍ മഹാരാഷ്ട സര്‍ക്കാര്‍ പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.ഏറ്റവും നൂതനമായ സാങ്കേതികവിദ്യയുടെ സഹായത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനും മഹാരാഷ്ട്രയില്‍ ഇത് നടപ്പാക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഏകദേശം 2100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

തുടക്കത്തില്‍ മഹാരാഷ്ട്ര മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ നിയന്ത്രണത്തില്‍ പദ്ധതി നടപ്പാക്കി,ശീതികരിച്ച ബസ് കോച്ചുകളാണ് ലഭ്യമാക്കുക. റബര്‍ നിര്‍മ്മിത ടയറുകളാണ് കോച്ചുകള്‍ക്ക് ഉണ്ടാകുക. നിലവില്‍ മഹാരാഷ്ട്രയ്ക്ക് പിന്നാലെ തെലങ്കാനയും മെട്രോ നിയോ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.