ഇത് കോടതിയാണ്, നിങ്ങള്‍ ഒരു കുറ്റാരോപിതനാണെന്ന് ഓർത്ത് പെരുമാറണം; അര്‍ണബിന് താക്കീതുമായി മജിസ്ട്രേറ്റ്

single-img
6 November 2020

കോടതിയുടെ ഉള്ളില്‍മാന്യത പുലര്‍ത്തണമെന്ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്ക് കോടതിയുടെ വക താക്കീത്. ബുധനാഴ്ച രാവിലെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത അര്‍ണബിനെ വൈകീട്ട് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിക്കായുള്ള നടപടികള്‍ പുര്‍ത്തിയാക്കുന്നതിനിടെ നടത്തിയ ഇടപെടലുകളില്‍ അതൃപ്തി രേഖപ്പെടുത്തിയായിരുന്നു കോടതിയുടെപരാമാര്‍ശം.

അര്‍ണബ് കേസിലെ ഒരു പ്രതിയായിട്ടാണ് കോടതിക്ക് മുന്നില്‍ നില്‍ക്കുന്നത് എന്ന കാര്യം മറക്കരുതെന്നും, നടപടികളെ തടസപ്പെടുത്തരുതെന്നും കോടതി പറഞ്ഞു. അലിബാഗ് കോടതിയിലെ ചീഫ് മജിസ്‌ട്രേറ്റ് സുനൈന പിംഗലെയായിരുന്നു ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. പോലീസ് നടപടിയില്‍ തനിക്ക് പരിക്കേറ്റെന്ന് ജഡ്ജിയെ ബോധിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു അര്‍ണബ്.

ഈ സമയം കോവിഡ് രോഗബാധയുടെ സാഹചര്യത്തില്‍ കോടതിയില്‍ സജ്ജീകരിച്ച പ്ലാസ്റ്റിക് ഷീല്‍ഡ് മറികടക്കാന്‍ അര്‍ണബ് ശ്രമിക്കുകയുണ്ടായി. അതിന് ശേഷം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കേസില്‍ ഹാജരാകുമ്പോള്‍ വീണ്ടും ഇടപെദുകയും ചെയ്തു. മജിസ്ട്രേറ്റിനെ തന്റെ ശരീരത്തിലെ പരിക്കേറ്റ അടയാളങ്ങള്‍ കാണിക്കാന്‍ ശബ്ദം ഉയര്‍ത്തുകയും, കൈകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഇതോടുകൂടിയാണ് മജിസ്ട്രേറ്റ് ഇടപെട്ടതും, കോടതിയില്‍ മാന്യത പുലര്‍ത്തണമെന്ന് താക്കീത് നല്‍കിയതും.

അവിടംകൊണ്ടും ഇത് തീര്‍ന്നില്ല,പിന്നീട് മെഡിക്കല്‍ ഓഫീസറില്‍ നിന്നും മജിസ്ട്രേറ്റ് വിവരങ്ങള്‍ തേടുമ്പോഴായിരുന്നു അര്‍ണബ് വീണ്ടും നടപടികള്‍ തടസ്സപ്പെടുത്താന്‍ മുതിര്‍ന്നത്. ഡോക്ടര്‍ കോടതിയില്‍ കള്ളം പറയുകയാണെന്ന് അദ്ദേഹം വിളിച്ച് പറഞ്ഞു. അതോടുകൂടി കോടതി മുറിയില്‍ നിന്നും പുറത്താക്കാന്‍ നിര്‍ബന്ധിക്കരുത് എന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. തുടര്‍ന്ന് അഭിഭാഷകന്റെ വാദം മാത്രം കേള്‍ക്കും എന്നായിരുന്നു മജിസ്‌ട്രേറ്റിന്റെ പ്രതികരണം; ഇതോടെ അര്‍ണബ് നിശ്ശബ്ദനാവുകയും ചെയ്തു.