ന്യൂസിലാന്‍ഡില്‍ ജസീന്ത ആര്‍ഡന്റെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

single-img
6 November 2020

ന്യൂസിലാന്‍ഡില്‍ ഇന്ന് ജസീന്ത ആര്‍ഡന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി . “ഒരിക്കല്‍ കൂടി ജനങ്ങള്‍ തന്നിലേല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണ് . ആ ഉത്തരവാദിത്വം ഞങ്ങള്‍ പൂര്‍ണ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവും” മന്ത്രിസഭയുടെ ആദ്യ യോഗത്തിന് ശേഷം ജസീന്ത മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് നവംബര്‍ 25 ന് പാര്‍ലമെന്റ് തുറക്കും. ജസീന്ത ആര്‍ഡന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറില്‍ മന്ത്രിയായി മലയാളിയായ പ്രിയങ്കാ രാധാകൃഷ്ണനുമുണ്ട്. മന്ത്രി സഭയില്‍ യുവജന ക്ഷേമം, സാമൂഹിക വികസനം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കക്ക് ലഭിച്ചത്. ന്യൂസിലാന്‍ഡിലെ ആദ്യ ഇന്ത്യന്‍ മന്ത്രികൂടിയാണ് പ്രിയങ്ക.

ന്യൂസിലന്‍ഡില്‍ തുടര്‍ച്ചയായി രണ്ടാംവട്ടവും പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡന്‍ മന്ത്രിസഭയില്‍ സ്ത്രീപ്രാതിനിധ്യം വളരെ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ തനിച്ച് സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷം നേടിയായിരുന്നു ജസീന്തയുടെ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നത്. ആകെയുള്ള120ല്‍ 64 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി സ്വന്തമാക്കി.

ആകെ 49 ശതമാനം വോട്ടാണ് നേടിയത്. 1996ന് ശേഷമാണ് ഒരു പാര്‍ട്ടി തനിച്ച് ന്യൂസിലന്‍ഡില്‍ ഇത്രയും സീറ്റുകള്‍ നേടുന്നത് . അതേസമയം എതിര്‍കക്ഷിയായ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമേ നേടാനായുള്ളൂ.