കേസ് നിയമപരമായി മുന്നോട്ട് പോകട്ടെ, ബിനീഷിന്‍റെ കുടുംബം നിയമപോരാട്ടം നടത്തും: കോടിയേരി ബാലകൃഷ്ണന്‍

single-img
6 November 2020

ബിനീഷ് കോടിയേരിക്കെതിരായ കേസ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരിച്ച് കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ ഒരുതരത്തിലും ഇടപെടില്ലെന്ന് പറഞ്ഞ കോടിയേരി പാര്‍ട്ടിയും ഈ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്ന് അറിയിച്ചു.

അതേസമയം തന്നെ കേസ് നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും ബിനീഷിന്‍റെ കുടുംബം നിയമപോരാട്ടം നടത്തട്ടെയെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്തെ ബിനീഷിന്‍റെ വീട്ടില്‍ റെയ്‍ഡിന്‍റെ പേരിൽ നടന്നത് മനുഷ്യാവകാശ ലംഘനമെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനത്ത് കേന്ദ്ര ഏജൻസികൾക്കെതിരെ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് സിപിഎം സെക്രട്ടറിയെറ്റ് തീരുമാനം. കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വയ്ക്കുന്നെന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയ പ്രേരിതമായ നീക്കം തുറന്നുകാട്ടാനാണ് സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം.

അതിന്റെ ഭാഗമായി ഈ മാസം 16 ന് സംസ്ഥാന വ്യാപകമായി സിപിഎം സമരം നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സികളുടെ നിയമവിരുദ്ധ ഇടപെടലിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണവും നടത്തും. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സി എം രവിന്ദ്രനെ ചോദ്യം ചെയ്യാൻ വിളിച്ചത് രാഷ്ട്രീയ പ്രേരിതമായ ഇടപെടലാണെന്നാണ് സിപിഎം വിലയിരുത്തല്‍.