ആരോഗ്യ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ 27000 ത്തോളം ആളുകളെ കബളിപ്പിച്ചു തട്ടിയെടുത്തത് 1.09 കോടി രൂപ

single-img
6 November 2020

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ തൊഴിൽ തട്ടിപ്പ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ 27000 ത്തോളം ആളുകളെ കബളിപ്പിച്ചു തട്ടിയെടുത്തത് 1.09 കോടി രൂപ. സംഭവത്തിൽ അഞ്ചു പേരെ പിടികൂടിയതായി ഡൽഹി പോലീസ്.

ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ തൊഴിൽ തട്ടിപ്പാണിതെന്ന് ഡൽഹി പോലീസ് അധികൃതർ അറിയിച്ചു. സർക്കാർ-സ്വകാര്യ ഏജൻസികൾക്കായി ഓൺലൈൻ റിക്രൂട്ട്മെന്റ് പരീക്ഷകൾ നടത്തുന്ന ഒരു കേന്ദ്രം തട്ടിപ്പ് സൂത്രധാരൻമാർ നിയമപരമായി പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന തൊഴിൽ അന്വേഷകരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

അക്കൗണ്ടന്റുമാർ, ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ, നഴ്സ്, ആംബുലൻസ് ഡ്രൈവർ തുടങ്ങിയ തസ്തികളിലേക്ക് 13,000 ത്തോളം ഒഴിവുകളിലേക്കാണ് രണ്ട് വ്യാജ വെബ്സൈറ്റുകളിലൂടെ രജിസ്ട്രേഷൻ ഫീസ് സ്വരൂപിച്ചത്. ഈ സൈറ്റുകളുടെ ലിങ്കുകൾ ചേർത്ത് 15 ലക്ഷത്തോളം പേർക്ക് സംഘം എസ്.എം.എസുകൾ അയച്ചിരുന്നതായും ഡൽഹി പോലീസ് പറഞ്ഞു.

യഥാർത്ഥമാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു വ്യാജ വെബ്സൈറ്റുകളുടെ രൂപകൽപനയെന്ന് ഡൽഹി സൈബർ സെൽ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ആരോഗ്യ കുടുംബ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നതാണ് ഈ സൈറ്റുകളെന്നും അവകാശപ്പെട്ടിരുന്നു.

500 രൂപ രജിസ്ട്രേഷൻ ഫീസായി അടച്ച ഒരു തൊഴിൽ അന്വേഷകൻ തുടർ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം പോലീസിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയിൽപ്പെടുന്നത്. 100 മുതൽ 500 രൂപവരെയാണ് സംഘം രജിസ്ട്രേഷൻ ഫീസായി വാങ്ങിയിരുന്നത്. വലിയ തുകയല്ലാത്തതിനാൽ ആളുകൾ പോലീസിനെ സമീപിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു സംഘാംഗങ്ങൾ.

ഹരിയാണയിലെ ഹിസാർ ജില്ലയിൽ ആരംഭിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ് ആളുകൾ രജിസ്ട്രേഷൻ ഫീസായി നൽകുന്ന തുക എത്തിയിരുന്നത്. അതാത് ദിവസം വന്ന് ചേരുന്ന പണം അന്നു തന്നെ പിൻവലിക്കുന്നതായിരുന്നു തട്ടിപ്പുകാരുടെ രീതി. ഇങ്ങനെ ഒരു എ.ടി.എം കേന്ദ്രീകരിച്ച് നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതികളെ പിടികൂടാനായതെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.