ഒരു സിബിഐ ഡയറിക്കുറിപ്പ് സിനിമയിൽ സത്യമല്ല പറയുന്നത്; യഥാർത്ഥ സംഭവത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ജോർജ്ജ് ജോസഫ്

single-img
5 November 2020

“ഒരു സിബിഐ ഡയറിക്കുറിപ്പ്’ മലയാളത്തിലെ സിബിഐ സീരീസിലെ ആദ്യത്തെ സിനിമ. മലയാളികളെ ഒന്നടങ്കം പിടിച്ചിരുത്തിയ കുറ്റാന്വേഷണ ചലച്ചിത്രത്തിന് പിന്നിലെ യഥാര്‍ഥ കേസിന്റെ അന്വേഷണത്തിലെ അനുഭവങ്ങള്‍ പങ്കുവച്ച് റിട്ട. എസ് പി ജോര്‍ജ് ജോസഫ്.

മമ്മൂട്ടി നായകനായെത്തിയ ചിത്രത്തിനാധാരമായ യഥാര്‍ഥ കേസില്‍ പോളക്കുളം നാരായണന്‍ പ്രതിയാക്കപ്പെട്ടത് തെറ്റായിരുന്നു. കേസ് അന്വേഷണം ശരിയായി കൊണ്ടുപോകാന്‍ പൊലീസും സിബിഐയും പഠിക്കണമെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു. മരണപ്പെട്ട പീതാംബരന്റേത് ആത്മഹത്യയാണെന്നായിരുന്നു, തങ്ങളുടെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലെന്നും സിബിഐ അന്വേഷണത്തില്‍ അത് കൊലപാതകമായതിന്റെ യുക്തി മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി പ്രൈം വിറ്റ്‌നെസ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്ന വീഡിയോയിലൂടെയാണ് ജോര്‍ജ്ജ് ജോസഫ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഒരു സിബിഐ ഡയറിക്കുറിപ്പ് കാണുമ്പോള്‍ ഞാനിത് ഓര്‍ക്കും. സത്യം ഒരുവഴിക്ക് പോകുമ്പോള്‍ തെളിവ് വേറൊരു വഴിക്ക് പോകുന്നു. ഇതാണ് ജീവിതത്തില്‍ ഞാന്‍ കണ്ട, പഠിച്ച പാഠം. സത്യത്തിനനുസരിച്ചല്ല കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. അതാണ് പോളക്കുളം നാരയണന്റെ കേസിനെ സംബന്ധിച്ചുമുള്ളത്. നിരപരാധിയായ അയാളെ അറസ്റ്റ് ചെയ്ത് റിമാന്റു ചെയ്തു. എന്നും എനിക്കതില്‍ ദുഖമുണ്ട്.

അന്വേഷണം ശരിയായ രീതിയില്‍ അന്വേഷിക്കാന്‍ പൊലിസും സിബിഐയും പഠിക്കണം. ദുരൂഹമായിട്ടുള്ള കേസുകളുടെ അന്വേഷണത്തില്‍ നിരപരാധികള്‍ കുടുങ്ങരുത്, കുടുക്കരുത്. എന്താണതിന്റെ യുക്തി എന്നെനിക്ക് മനസിലാകുന്നില്ല. പോളക്കുളം നാരായണനെ പൊതു അഭിപ്രായം അനുസരിച്ച് പ്രതി ചേര്‍ക്കുന്നു അത് കൊള്ളില്ല. അവിടെ മറ്റൊരു പ്രതിയുടെ സഹായമുണ്ടെങ്കിലെ കൊല്ലാനാകൂ. അങ്ങനെയൊരു വ്യക്തിയില്ല പിന്നെയെങ്ങനെയാണ് അദ്ദേഹത്തെ പ്രതിയാക്കിയത്. വളരെ ദുരൂഹമായ രീതിയിലുള്ള അന്വേഷണമായിരുന്നത്. സിബിഐയുടടെ വില കളയുന്ന ചില ഉദ്യോഗസ്ഥരുണ്ട്, നല്ല ഉദ്യോഗസ്ഥരുമുണ്ട്.

ഹൈപ്പോതെറ്റിക്കല്‍ തിയറിയില്‍ ഒരിക്കലും ഒരു കൊലപാതകകേസ് കൊണ്ടുപോകരുത്. തെളിവുകളനുസരിച്ച് ഒരാള്‍ പ്രതിയാണെങ്കില്‍ മാത്രമേ അയാളെ പ്രതിയാക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ പ്രതിയാക്കരുത്, വിട്ടുകളയണം. ചില കേസുകള്‍ തെളിയിക്കാന്‍ സാധിക്കില്ല. വളരെയേറെ കേസുകള്‍ കേരളത്തിലിന്നും തെളിയാതെ കിടക്കുന്നു. അതിലെല്ലാം ആരെയെങ്കിലും പ്രതിയാക്കി കേസെടുക്കാന്‍ കഴിയും പക്ഷേ ചെയ്യാന്‍ പാടില്ല.’ ജോര്‍ജ് ജോസഫ് പറയുന്നു.