ബിനീഷിന്റെ ബന്ധുക്കളെ വീടിനു മുന്നില്‍ തടഞ്ഞു; ബന്ധുക്കളെ കാണേണ്ടെന്നു വീട്ടിലുള്ളവര്‍ പറഞ്ഞെന്ന് സിആര്‍പിഎഫ് ; വീട്ടുകാരെ കണ്ടില്ലെങ്കിൽ സത്യാഗ്രഹമിരിക്കുമെന്ന് ബന്ധുക്കൾ

single-img
5 November 2020

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തുന്ന ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നാടകീയ രംഗങ്ങള്‍. വീട്ടിനുള്ളിലുള്ള ബിനീഷിന്‍റെ ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ വീട്ടിലെത്തി. ബിനീഷിന്‍റെ ഭാര്യ വീട്ടുതടങ്കലിലെന്നാണ് ബന്ധുക്കളുടെ ആരോപണം. ബിനിഷിന്‍റെ ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും കുഞ്ഞുമാണ് വീട്ടില്‍ ഉള്ളത്. വീടിന് മുന്നിലെത്തിയ ബന്ധുക്കൾ ബിനീഷിന്‍റെ ഭാര്യക്കും കുട്ടികൾക്കും ഭക്ഷണം കൊടുത്തു വിട്ടു. പൊലീസ് ബന്ധുക്കളെ വീട്ടില്‍ കടകക്കാൻ അനുവദിച്ചില്ല. പൂജപ്പുര പൊലീസ് ബന്ധുക്കളോട് മടങ്ങി പോവാൻ ആവശ്യപ്പെട്ടു. എന്നാല്‍, ബിനീഷിന്‍റെ ഭാര്യയെ കാണാതെ തിരികെ പോവില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. ഗേറ്റിന് മുന്നിൽ ബന്ധുക്കൾ കുത്തിയിരിക്കുകയാണ്. അതേസമയം, വീടിന് ഉള്ളില്‍ ഉള്ളവര്‍ മറ്റുള്ളവരെ കാണാന്‍ താല്‍പര്യം ഇല്ലെന്ന് അറിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തുകയാണ്.

അതേസമയം, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തുടരുകയാണ്. പരിശോധനയ്ക്കായി ഇന്നലെയാണ് രാവിലെയാണ് ബിനീഷിന്‍റെ കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ എത്തിയത്. പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസറില്‍ ഒപ്പിടാൻ ബിനീഷിൻ്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടിൽ തുടരുന്നത്. ബിനീഷിന്റെ കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണു ബന്ധുക്കള്‍ വീടിനു മുന്നിലെത്തിയത്.

എന്നാല്‍ ഇവരെ അകത്തേക്കു കടത്തിവിടാന്‍ കഴിയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചുവെന്ന് വീട്ടിനുള്ളിലെ സുരക്ഷാചുമതലയുള്ള സിആര്‍പിഎഫ് വ്യക്തമാക്കി. ബന്ധുക്കളിലൊരാള്‍ താന്‍ അഭിഭാഷകയാണെന്ന് അറിയിച്ചിട്ടും കടത്തിവിടാനാവില്ലെന്ന നിലപാടാണ് ഇഡി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്.

തേസമയം, ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. തുടർച്ചയായി ഏഴാം ദിവസമാണ് ചോദ്യം ചെയ്യൽ. ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താൻ കേരളത്തിലെ ബാങ്കുകൾക്കും ഇഡി നോട്ടീസ് നൽകി. ബിനീഷിന്റെ ബിനാമികൾ എന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. അതിൽ ചിലർ ഇന്ന് ഹാജരാകും.