ബിജെപിയിലെ പോര്: കെ സുരേന്ദ്രനെതിരെ 24 നേതാക്കള്‍ ഒപ്പിട്ട പരാതി കേന്ദ്രനേതൃത്വത്തിന്

single-img
5 November 2020

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ശോഭാസുരേന്ദ്രനെ പിന്തുണച്ച് 24 നേതാക്കള്‍ ഒപ്പിട്ട പരാതി കേന്ദ്രനേതൃത്വത്തിന് കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും ദേശീയ കൗൺസിൽ അം​ഗം പി.എം വേലായുധനും പരസ്യപ്രസ്താവന നടത്തിയതിന് പിന്നാലെയാണ് നേതാക്കളുടെ പരാതിക്കത്ത്.

കെ.സുേരന്ദ്രന്‍ അധ്യക്ഷനായ ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിക്കുകയാണെന്നും ഒരു വിഭാഗം നേതാക്കളെ മാത്രം മുന്‍നിര്‍ത്തി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്നും കാണിച്ചാണ് 24 നേതാക്കള്‍ കത്തയച്ചിരിക്കുന്നത്. കേന്ദ്ര നേതൃത്വം ഇടപെട്ട് കെ സുരേന്ദ്രനെ തിരുത്താൻ തയ്യാറാകണമെന്നാണ് പരാതികളുടെ ഉളളടക്കം. മുന്‍ അധ്യക്ഷന്‍ അമിത് ഷായ്ക്കും നിലവിലെ അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്കുമാണ് പരാതി നല്‍കിയത്.

പ്രാദേശിക തലത്തിലും ഇത്തരത്തില്‍ അസംതൃപ്തരുണ്ടെന്നും അവരെ കൂടി സംഘടിപ്പിച്ച് പരാതി ഉന്നയിക്കാനാണ് വിമതവിഭാഗത്തിന്റെ നീക്കം. ബിജെപിയിൽ ഇപ്പോൾ പാർട്ടിപ്രവർത്തനം നടക്കുന്നില്ല. സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പ്രവർത്തനമാണ് നടക്കുന്നത്. ഇങ്ങനെ പോയാൽ തദ്ദേശതിരഞ്ഞെടുപ്പിൽ നഷ്ടം സഹിക്കേണ്ടിവരുമെന്നും നേതാക്കൾ പരാതിയിൽ പറയുന്നു. എല്ലാവരെയും യോജിപ്പിച്ചു നിർത്തിയാൽ 70 ശതമാനം പഞ്ചായത്തുകളിലും ബിജെപിക്ക് മുന്നേറാനുളള സാഹചര്യമുണ്ട്.

തിരുവനന്തപുരം കോർപ്പറേഷനിലും ഒട്ടേറെ മുനിസിപ്പാലിറ്റികളിലും ഭരണം പിടിക്കാനും കഴിയും. ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടുകൾ മുൻനിർത്തിയുളള സാധ്യതകളും കേന്ദ്രനേതൃത്വത്തിനുളള പരാതിയിൽ വിശകലനം ചെയ്യുന്നു. ശോഭാ സുരേന്ദ്രനെതിരേ നടത്തുന്ന സൈബർ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സംസ്ഥാന ഭാരവാഹികളിൽ ജനറൽ സെക്രട്ടറിമാർ ഒഴികെയുളളവർക്ക് പ്രവർത്തന മേഖല നിശ്ചയിച്ച് നൽകിയിട്ടില്ല. സംഘടനയില്‍ 30% യുവാക്കള്‍ക്ക് നല്‍കണമെന്ന ആര്‍എസ്എസ് നിര്‍ദേശം സുരേന്ദ്രന്‍ പാലിച്ചില്ലെന്നും നേതാക്കൾ പരാതിയിൽ പറയുന്നു.