അർണബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു; പോലീസ് കസ്റ്റഡി ആവശ്യം കോടതി തള്ളി; ശിവസേന സര്‍ക്കാര്‍ അര്‍ണബിനെതിരെ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപണം

single-img
5 November 2020

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി മുംബൈ പൊലീസ് (Mumbai police) അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ചാനൽ എഡിറ്റർ അർണബ് ഗോസ്വാമിയെ (Arnab Goswami) 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ (14 Days Judicial Custody ) വിട്ടു. അലിബാഗ് കോടതിയാണ് അര്‍ണബിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. നവംബര്‍ 18 വരെ അര്‍ണബ് കസ്റ്റഡിയില്‍ തുടരും. പോലീസ് കസ്റ്റഡിയില്‍ വേണം എന്ന മുംബൈ പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അർണബിനെ അലിബാഗിലെ ഇന്റീരിയർ ഡിസൈനർ അൻവേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് മുംബൈ പൊലീസ് (Mumbai police) അറസ്റ്റ് ചെയ്തത്.

6 മണിക്കൂറോളം നീണ്ട മാരത്തണ്‍ കോടതി നടപടികള്‍ക്കൊടുവിലാണ് അര്‍ണബ് ഗോസ്വാമിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കൊണ്ട് ഉത്തരവായത്. കേസിൽ അർണബിനൊപ്പം അറസ്റ്റിലായ ഫിറോസ് ഷെയ്ഖ്, നിതേഷ് സർദ എന്നിവരെയും അലിബാഗ് ജില്ലാകോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച രാവിലെയാണ് അർണബിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി മുംബൈ പൊലീസ് (Mumbai police) അറസ്റ്റ് ചെയ്തത്.

2018 ലാണ് അൻവേ നായിക്ക് ആത്മഹത്യ ചെയ്തത്. ഈ കേസിന്റെ അന്വേഷണം തെളിവില്ലെന്ന് പറഞ്ഞു മഹാരാഷ്ട്ര പൊലീസ് അവസാനിപ്പിച്ചിരുന്നുവെങ്കിലും അന്‍വേ നായികിന്റെ മകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം മെയ് മാസത്തില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്നാണ് മുംബൈ പൊലീസ് (Mumbai police) അർണബിനെ കസ്റ്റഡിയിലെടുത്തത്.

ശിവസേന സര്‍ക്കാര്‍ അര്‍ണബിനെതിരെ പ്രതികാര രാഷ്ട്രീയമാണ് കളിക്കുന്നത് എന്നാണ് റിപ്പബ്ലിക് ടിവിയുടെ ആരോപണം. കേന്ദ്ര മന്ത്രി അമിത് ഷാ അടക്കമുളള ബിജെപി നേതാക്കള്‍ അര്‍ണബിന്റെ അറസ്റ്റിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അര്‍ണബിനെ അറസ്റ്റ് ചെയ്തത് ഫാസിസമാണ് എന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. അതിനിടെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തു എന്നാരോപിച്ച് അര്‍ണബ് ഗോസ്വാമി, ഭാര്യ, മകന്‍ എന്നിവര്‍ക്കും മറ്റ് രണ്ട് പേര്‍ക്കും എതിരെ പോലീസ് പുതിയ കേസെടുത്തിട്ടുണ്ട്.

Content : Arnab Goswami sent to 14-day judicial custody