നാലര വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 1,63,610 പട്ടയം നൽകാൻ സാധിച്ചു: മുഖ്യമന്ത്രി

single-img
4 November 2020

ഈ സർക്കാരിന്റെ കാലയളവിൽ ഇതിനകം 1,63,610 പട്ടയം വിതരണം നടത്താനായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇനിയും പട്ടയങ്ങൾ നൽകാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി നിർമിക്കുന്ന 159 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാനതല നിർമാണ ഉദ്ഘാടനവും അഞ്ചു സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ പ്രവർത്തനോദ്ഘാടനവും 6526 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വില്ലേജ് ഓഫീസുകൾ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന കേന്ദ്രങ്ങളാണ്. അതുകൊണ്ടുതന്നെയാണ് ഇതിനകം നിരവധി സ്മാർട്ട് വില്ലേജ് ഓഫീസുകൾ നിർമിച്ചത്. ഇപ്പോൾ അഞ്ചു സ്മാർട്ട് വില്ലേജുകൾ ഉദ്ഘാടനം ചെയ്യുകയും 159 എണ്ണത്തിന്റെ നിർമാണത്തിന് തുടക്കമാകുകയുമാണ്. ഇതെല്ലാം പൂർത്തിയാകുമ്പോൾ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ എണ്ണം 305 ആകും. ഏതാനും മാസത്തിനകം ഇവയുടെ നിർമാണം പൂർത്തിയാക്കാനാകും.

റവന്യൂ വകുപ്പിന്റെ വികസനത്തിന്റെ ഭാഗമായി മുഴുവൻ ഓഫീസുകളും കടലാസുരഹിതമാക്കുന്നതിന്റെ ആദ്യപടിയായി താലൂക്ക് ഓഫീസ്, കളക്ടറേറ്റ്, റവന്യൂ ഓഫീസ് എന്നിടങ്ങളിൽ പദ്ധതി ആരംഭിച്ചു. റവന്യൂ വകുപ്പ് ആധുനികവത്കരണത്തിന് തുടക്കമിട്ടു. പൊതുജനങ്ങൾക്ക് നൽകി വരുന്ന 25 ഇനം സർഫിക്കറ്റുകൾ ഇ- ഡിസ്ട്രിക്ട് ആപ്പ് വഴി ഓൺലൈൻ ആയാണ് നൽകുന്നത്. സംസ്ഥാനത്ത് 1644 വില്ലേജുകളിൽ പോക്കുവരവ് ഓൺലൈൻ ഇ-പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കി. 1218 വില്ലേജുകളിൽ ഈപോസ് മെഷീൻ സ്ഥാപിച്ചു. ഇതിലൂടെ കറൻസിരഹിതമായി പണം സ്വീകരിക്കുന്ന രീതി നിലവിൽ വന്നു. ശേഷിക്കുന്ന വില്ലേജുകളിൽ കൂടി പദ്ധതി വ്യാപിപ്പിക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ രാജു, വി എസ് സുനിൽകുമാർ, എംഎൽഎമാർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ ജയതിലക്, ലാൻഡ് റവന്യൂ കമ്മീഷണർ കെ ബിജു എന്നിവർ ഓൺലൈനായി സംബന്ധിച്ചു.