ഇടത് സർക്കാർ പിന്നാക്കക്കാരെ പിറകിൽ നിന്ന് കുത്തി; വെള്ളാപ്പള്ളി നടേശന്‍

single-img
4 November 2020

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മുന്നാക്ക സംവരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടത് മുന്നണി സർക്കാർ പിന്നാക്കക്കാരെ പിറകിൽ നിന്ന് കുത്തിയതായും വിദ്യാഭ്യാസ മേഖലയിലെ മുന്നാക്ക സംവരണത്തിൽ ഗൂഢാലോചനയുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

സംഘടനാ മാഗസിനായ യോഗനാദത്തിലെ മുഖപ്രസംഗത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി ആഞ്ഞടിച്ചിരിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി കുരിശുയുദ്ധം നയിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഈ രാജ്യത്തിന്‍റെ തനത് സംസ്കാരത്തിന്‍റെ പിന്മുറക്കാരോട് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ഏറ്റവും കടുത്ത അനീതിയാണ്, ജനാധിപത്യ വിരുദ്ധതയാണ്.

ജാതി സംവരണം എന്നത് ദാരിദ്ര്യലഘൂകരണ പദ്ധതിയോ, സഹായ പദ്ധതിയോ അല്ല. അതുകൊണ്ടുതന്നെ ചരിത്രപരമായ നെറികേടുകൾക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള ബാദ്ധ്യതയിൽ നിന്ന് രാജ്യത്തിന് ഒഴിഞ്ഞു നിൽക്കാനാവില്ലെന്നും വെള്ളാപ്പള്ളി പറയുന്നു. വെറും വോട്ടു ബാങ്കെന്ന അപ്പക്കഷ്ണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്ന ദ്രോഹം വലിയൊരു സമൂഹം ഒരു കാലത്തും മറക്കാൻ പോകുന്നില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.