സിബിഐക്ക് നിയന്ത്രണം: സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഇനി കേസുകള്‍ ഏറ്റെടുക്കാനാവില്ല

single-img
4 November 2020

സിബിഐക്ക് നല്‍കിയിരുന്ന പൊതുഅനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സിബിഐയ്‌ക്ക് ഇനി കേസുകള്‍ ഏറ്റെടുക്കാനാവില്ല. എന്നാല്‍ നിലവിുലുള്ള അന്വേഷണങ്ങളെ തീരുമാനം ബാധിക്കില്ല.

സിബിഐക്ക് നൽകിയ പൊതു സമ്മതം പിൻവലിക്കാൻ നേരത്തെ തന്നെ സർക്കാർ ആലോചിച്ചിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ആവശ്യപ്പെടാതെയും ഹൈക്കോടതി നിർദേശമില്ലാതെയും കോൺഗ്രസ് എംഎൽഎ അനിൽ അക്കരെയുടെ പരാതി പ്രകാരം സിബിഐ അന്വേഷണം തുടങ്ങുകയും, ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇത് സർക്കാരിനെ ചൊടിപ്പിച്ചിരുന്നു.

ഇത് സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടിയിരുന്നു. സിബിഐക്ക് വിലക്കേർപ്പെടുത്താമെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. അങ്ങനെയാണ് 2017ൽ നൽകി പൊതുസമ്മതം പിൻവലിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം കവര്‍ന്നെടുത്ത് കേന്ദ്രഏജന്‍സിയായ സിബിഐ കേസുകളില്‍ ഇടപെടുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും ഇത്തരത്തില്‍ പൊതുഅനുമതി റദ്ദാക്കിക്കൊണ്ട് നേരത്തേ ഉത്തരവിറക്കിയിരുന്നു.