ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അർണബിൻറെ അറസ്റ്റ്; പോലീസ് കൈയ്യേറ്റം ചെതെന്നു അർണബ്; വിഷയത്തിൽ ഇടഞ്ഞ് ബിജെപിയും ശിവസേനയും

single-img
4 November 2020
Arnab Arrest

തന്നെയും കുടുംബത്തേയും പോലീസ് ബലമായി കയ്യേറ്റം ചെയ്തെന്ന് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. രാവിലെ അർണബിന്റെ വീട്ടിലെത്തിയ പത്തോളം പൊലീസ് ഉദ്യോഗസ്ഥർ ബലമായി അർണബിനെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതായാണ് റിപബ്ലിക്ക് ടിവി റിപ്പോർട്ടു ചെയ്തത്. അർണബിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ചാനൽ പുറത്തുവിട്ടു.

ആർക്കിടെക്റ്റ് ആൻവി നായിക് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. പത്തോളം പൊലീസ് ഉദ്യോഗസ്ഥർ രാവിലെ തന്നെ അറസ്റ്റ് ചെയ്യാൻ അർണബിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ പൊലീസിനൊപ്പം പോകാൻ അർണബ് കൂട്ടാക്കിയില്ല. ഇതോടെ പൊലീസ് ബലം പ്രയോഗിച്ചാണ് കൂട്ടിക്കൊണ്ടുപോയത്. 2018ൽ അലിബാഗ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. സ്റ്റുഡിയോ നിർമാണവുമായി ബന്ധപ്പെട്ട് ആൻവി നായിക്കിന് പണം നൽകാനുണ്ടായിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ കോടതിയിൽ നിന്നുള്ള ഉത്തരവോ സമൻസോ ഇല്ലാതെ അർണബിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം വീട്ടിലേക്കുള്ള എല്ലാ കവാടങ്ങളും സീൽ ചെയ്തതായും ആരെയും പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്റീരിയർ ഡിസൈനറായ ആൻവി നായിക്കിനെയും മാതാവ് കുമുദ് നായിക്കിനെയും 2018 മേയിലാണ് അലിബാഗിലെ അവരുടെ ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആൻവി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് സ്ഥീരികരിച്ചിരുന്നു. എന്നാൽ കുമുദിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടി മരിച്ചെന്നാണ് കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം ആൻവി ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം.

ആൻവിയുടെ ആത്മഹത്യ കുറിപ്പിൽ അർണബ് അടക്കം മൂന്നു കമ്പനികളുടെ ഉടമകൾ വലിയ തുകകൾ നൽകാനുണ്ടെന്നും അതിനാലാണ് ഇത്തരത്തിൽ ഒരു കടുത്ത തീരുമാനം എടുക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. അർണബ് ഗോസ്വാമി, ഫിറോസ് ഷെയ്ക്, നിതീഷ് സർദ എന്നിവർ യഥാക്രമം 83 ലക്ഷം, നാലു കോടി, 55 ലക്ഷം എന്നിങ്ങനെ വലിയ തുകകൾ നൽകാനുണ്ടെന്നാണ് പറയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ആൻവി വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും കോൺട്രാക്ടർമാർക്ക് പണം നൽകാത്തതിന്റെ പേരിൽ നിരവധി ഭീഷണികൾ ഉണ്ടായിരുന്നെന്നും കണ്ടെത്തി. എന്നാൽ താൻ പണം മുഴുവൻ നൽകിയെന്നു പറഞ്ഞ് അർണബ് ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

2019ൽ ആരോപണവിധേയകർക്കെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്നു കാണിച്ച് റയിഗഡ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. തുടർന്ന് 2020 മേയിൽ അർണബ് 83 ലക്ഷം രൂപ തന്റെ പിതാവിനു നൽകാനുണ്ടെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അതിനാൽ കേസ് വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആൻവിയുടെ മകൾ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ സമീപിച്ചു. തുടർന്ന് കേസ് സിഐഡി വിഭാഗത്തെ ഏല്‍പ്പിക്കുകയായിരുന്നു. നിലവിൽ പൊലീസിനൊപ്പം എത്തിയ സിഐഡി സംഘമാണ് അർണബിനെ അറസ്റ്റു ചെയ്തത്

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചാനൽ ചർച്ചയിൽ അധിക്ഷേപിച്ചത്, സന്യാസിമാരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ സമൂഹത്തിൽ സംഘർഷത്തിനു കാരണമാകുംവിധം റിപ്പോർട്ട് ചെയ്തു തുടങ്ങിയ കേസുകളും അർണബിനെതിരെയുണ്ട്. അർണബിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതു തടഞ്ഞ ബൊംബെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജി നിലവിൽ സുപ്രീം കോടതിയിലാണ്. ഇതിനു പുറമേ ടിആർപി റേറ്റിങ്ങിൽ കൃത്രിമം കാണിച്ചെന്ന കേസിൽ മുംബൈ പൊലീസുമായി അർണബ് ഇടഞ്ഞു നിൽക്കുന്നതിനിടയിലാണ് ഈ അറസ്റ്റ്.

അർണബിനെ അറസ്റ്റു ചെയ്ത വിഷയത്തിൽ ഇടഞ്ഞ് ബിജെപിയും ശിവസേനയും. അർണബിന്റെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ട്വീറ്റ് ചെയ്തു. മാധ്യമ സ്വാതന്ത്രത്തിനെതിരെയുള്ള അതിക്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിയമാനുസൃതമായ അറസ്റ്റാണ് നടന്നതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് വ്യക്തമാക്കി. പൊലീസിന്റെ കയ്യിൽ‌ തെളിവുണ്ടെങ്കിൽ അവർക്ക് നടപടി സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.