പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അമേരിക്കയില്‍ ട്രംപ് ജയിക്കാന്‍ പൂജയുമായി ഹിന്ദുസേന

single-img
3 November 2020

അമേരിക്കയില്‍ പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപിനെ രണ്ടാമതും തെരഞ്ഞെടുക്കാനായി പൂജയുമായി ഹിന്ദുസേന. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരാന്‍ ഇനി ഏതാനും മണിക്കൂറുകള് മാത്രം ശേഷിക്കുമ്പോഴാണ് ദില്ലിയിലെ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും പൂജയും നടന്നത്. ഏകദേശം മുപ്പത് മിനിറ്റോളം നീണ്ട പൂജയില്‍ ഡൊണാള്‍ഡ് ട്രംപിന് അനുഗ്രഹം ലഭിക്കാന്‍ വേണ്ടിയുള്ള പ്രത്യേക പൂജകള്‍ നടത്തിയെന്നാണ് ഹിന്ദു സേനാംഗങ്ങള്‍ അവകാശപ്പെട്ടത്.

ലോകമാകെയുള്ള ഇസ്ലാമിക ഭീകരവാദങ്ങള്‍ക്കെതിരായ പോരാട്ടത്തിന് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കയില്‍ അധികാരത്തില്‍ എത്തണമെന്നാണ് പൂജ ചടങ്ങുകള്‍ നടത്തിയ പൂജാരി വേദ ശാസ്ത്രി പറഞ്ഞത്. തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രത്യേക ശ്ലോകങ്ങളാണ് തങ്ങള്‍ ഉരുവിട്ടതെന്നും പൂജാരി പറയുന്നു.

യുഎസില്‍ ട്രംപ് അധികാരത്തിലെത്താന്‍ ഇതിന് മുന്‍പുള്ള തെരഞ്ഞെടുപ്പ് കാലത്തും പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നുവെന്നും അത് ഫലം കണ്ടുവെന്നുമാണ് ഹിന്ദു സേന പ്രസിഡന്‍റ് വിഷ്ണു ഗുപ്തയുടെ അവകാശവാദം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാകാന്‍ ട്രംപ് അധികാരത്തില്‍ വരണമെന്നുമാണ് ഹിന്ദു സേനയുടെ ആഗ്രഹം.