അമേരിക്കൻ തെരഞ്ഞെടുപ്പ് ; തമിഴ്‌നാട്ടിൽ പ്രത്യേക പൂജയും പ്രാർത്ഥനയും

single-img
3 November 2020

അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്​ പാർട്ടിയുടെ വൈസ്​ പ്രസിഡൻറ്​ സ്​ഥാനാർഥിയായി മത്സരിക്കുന്ന കമല ഹാരിസിനായി പ്രാർഥനയോടെ തമിഴ്​നാടും. തമിഴ്​നാട്ടിലെ കമലയുടെ പൂർവികരുടെ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ്​ വിജയത്തിനായി പൂജ നടത്തുന്നത്​. ചെന്നൈയിൽനിന്ന്​ 390 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ്​ പൂജ. 55കാരിയായ കമല വൈസ്​ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തിലാണ്​ ഗ്രാമം.

കുടുംബത്തിൽ വിവാഹം പോലുള്ള പ്രത്യേക അവസരങ്ങളിൽ തുലസേന്ദ്രപുരത്തെ ​കുടുംബക്ഷേത്രത്തിലെത്തുമെന്ന്​ കമല ഹാരിസിന്റെ മാതൃസഹോദരി സരള ഗോപാലൻ എൻ.ഡി.ടി​.വിയോട്​ പറഞ്ഞു. മുത്തച്ഛൻ പി.വി ഗോപാലൻ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച്​ കമല ഹാരിസ്​ പലയിടങ്ങളിലും വിവരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്​ ഉത്തരവാദികളായ വീരന്മാരെക്കുറിച്ച്​ മുത്തച്ഛൻ പറഞ്ഞുതന്നത്​ മദ്രാസ്​ ജീവിതത്തിലെ ഓർമ്മകളെയും കമല വിവരിച്ചിരുന്നു.

1964 ഒക്ടോബർ 20ന്​ കാലിഫോർണിയയിലെ ഓക്​ലൻഡിലാണ്​ കമലയുടെ ജനനം. പിതാവ്​ ജമൈക്കൻ പൗരനായ ഡോണൾഡ്​ ജെ. ഹാരിസും മാതാവ്​ തമിഴ്​നാട്ടുകാരിയായ ശ്യാമള ഗോപാലനുമാണ്​. ഇരുവരും അമേരിക്കയിലേക്ക്​ കുടിയേറിയവരാണ്. വൈസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ, ആ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജയും ആദ്യ കറുത്ത വർഗക്കാരിയുമാകും കമല ഹാരിസ്.