ലൈഫ് മിഷൻ അഴിമതിക്കേസിൽ ശിവശങ്കറിനെ പ്രതിചേർത്തു വിജിലന്‍സിന്റെ നിര്‍ണായക നീക്കം

single-img
2 November 2020
Life Mission Vigilane Sivasankar

ലൈഫ് മിഷൻ അഴിമതി കേസിൽ വിജിലന്‍സിന്റെ നിര്‍ണായക നീക്കം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതി ചേർത്ത് വിജിലൻസ്. സ്വപ്‌നാ സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവർക്കൊപ്പമാണ് ശിവശങ്കറിനെ വിജിലൻസ് പ്രതിചേർത്തത്. കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കർ.നിലവില്‍ ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണുള്ളത്.

കേസിൽ ആറാം പ്രതിയാണ് സ്വപ്‌നാ സുരേഷ്. സരിത്ത് സന്ദീപ് എന്നിവർ യഥാക്രമം ഏഴ്, എട്ട് പ്രതികളാണ്. പ്രതികളുടെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. കമ്മീഷനായി സർക്കാർ ഉദ്യോഗസ്ഥർ ഫോൺ വാങ്ങുന്നത് കോഴയായി കണക്കാക്കാമെന്നാണ് വിജിലൻസിന്റെ നിലപാട്. ഇതനുസരിച്ചാണ് ശിവശങ്കറിനെ വിജിലൻസ് പ്രതിചേർത്തത്.

സ്വപ്‌ന സുരേഷ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് ഇവരെ പ്രതിചേര്‍ത്തിരിക്കുന്നത്. നിലവില്‍ അട്ടകുളങ്ങര വനിത ജയിലില്‍ സ്വപ്‌ന സുരേഷിനെ വിജിലന്‍സ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ലൈഫ്മിഷന്‍ പദ്ധതി ക്രമക്കേട് കേസില്‍ വ്യക്തികളെ നേരത്തെ പ്രതിചേര്‍ത്തിരുന്നില്ല. യൂണിടാക്, ലൈഫ്മിഷന്‍, പേര് ചേര്‍ക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിങ്ങനെയായിരുന്നു എഫ്.ഐ.ആറിലുണ്ടായിരുന്നത്