ന്യൂസിലന്‍ഡില്‍ പുതിയ മന്ത്രിസഭയില്‍ 20ല്‍ എട്ട് പേരും സ്ത്രീകള്‍; എല്‍ജിബിടിയില്‍ നിന്ന് മൂന്ന് പേര്‍

single-img
2 November 2020

ചരിത്രം തിരുത്തിയ ന്യൂസിലാന്‍ഡിലെ പുതിയ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്റെ മന്ത്രിസഭയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ തരംഗം. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിച്ച ജസീന്തക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകളും ഫേസ്ബുക്ക് പോസ്റ്റുകളുമാണ് നിറയുന്നത്. രാജ്യത്തെ പുതിയ മന്ത്രിസഭയില്‍ 20 പേരില്‍ എട്ട് പേരും സ്ത്രീകളാണ്.

ഇവരില്‍ അഞ്ച് പേര്‍ മാവോരി ഗോത്രവിഭാഗത്തില്‍ പെടുന്നവരും മൂന്നു പേര്‍ എല്‍ജിബിടി വിഭാഗത്തില്‍ പെടുന്നവരുമാണ്. മറ്റൊരാള്‍ മലയാളിയായ പ്രിയങ്ക രാധാകൃഷ്ണനാണ്. ഇതില്‍ പ്രധാനം
സ്വവര്‍ഗാനുരാഗിയായ ഗ്രാന്റ് റോബര്‍ട്ട്‌സണ്‍ ആണ് ഇത്തവണ ജസീന്തയുടെ ഉപമന്ത്രി എന്നതാണ്.

ഇദ്ദേഹം കഴിഞ്ഞ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. രാജ്യത്തെ വിദേശകാര്യമന്ത്രി മാവോരി ഗോത്രവിഭാഗത്തില്‍ പെട്ട മഹുതയാണ്. ‘മറ്റ് രാജ്യങ്ങളുമായി വളരെ വേഗത്തില്‍ സൗഹൃദത്തിലാവാന്‍ കഴിവുള്ളവളാണ് മഹുത’ എന്ന് ജസീന്ത ആര്‍ഡേന്‍ പറയുന്നു. അതേസമയം സാമൂഹികം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് മലയാളിയായ പ്രിയങ്കയ്ക്കുള്ളത്. ഇത്തവണ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 120 സീറ്റുകളില്‍ 64 സീറ്റുകള്‍ നേടിയാണ് ജസീന്ത വീണ്ടും അധികാരത്തിലെത്തിയത്.