പോക്‌സോ കേസുകള്‍ വേഗത്തിലാക്കും; അഞ്ച് ഫാസ്റ്റ് ട്രാക്ക് കോടതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

single-img
2 November 2020

ബലാത്സംഗ, പോക്‌സോ കേസുകള്‍ വേഗത്തിലാക്കാന്‍ സ്ഥാപിക്കുന്ന അഞ്ച് പുതിയ ഫാസ്റ്റ് ട്രാക്ക് കോടതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ കര്‍ക്കശമായി നേരിടുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബലാത്സംഗകേസുകളില്‍ വിചാരണ രണ്ടുമാസത്തിനുള്ളിലും അപ്പീല്‍ നടപടികള്‍ ആറുമാസത്തിനകവും തീര്‍പ്പാക്കണമെന്നാണ് 2018 ലെ ക്രിമിനല്‍ ഭേദഗതി നിയമം നിഷ്‌കര്‍ഷിക്കുന്നത്. പോക്‌സോ കേസുകളുടെ സമയപരിധി ഒരുവര്‍ഷമാണ്. എന്നാല്‍ ഇത്തരം കേസുകള്‍ക്കായി പ്രത്യേകമായി നിയുക്തമാകുന്ന കോടതികള്‍ വേണ്ടത്ര ഇല്ലാത്തതിനാല്‍ രാജ്യത്ത് ഒരിടത്തും സമയപരിധിക്കുള്ളില്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര നിയമനീതി മന്ത്രാലയം സ്ത്രീസുരക്ഷാ മിഷന്‍ വഴി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചത്.

ഇത്തരം കോടതികള്‍ ഓരോന്നും വഴി 165 കേസുകള്‍ വീതം വര്‍ഷം തീര്‍പ്പാക്കണമെന്നാണ് പദ്ധതിയിലെ വ്യവസ്ഥ. സംസ്ഥാനത്ത് 28 ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ രൂപപ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും നിര്‍ദേശവും ലഭിച്ചതോടെ പുതിയ കോടതികള്‍ എവിടെയാകണമെന്ന് ഹൈക്കോടതി കണ്ടെത്തുകയായിരുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, കേസുകളുടെ എണ്ണം, എത്തിച്ചേരാനുള്ള സൗകര്യം, അടിസ്ഥാനസൗകര്യ ലഭ്യത തുടങ്ങിയവ പരിഗണിച്ചാണ് സ്ഥലങ്ങള്‍ നിശ്ചയിച്ചത്.

കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവും ചെലവഴിച്ചാണ് കോടതികള്‍ സ്ഥാപിക്കുക. ഒരു കോടതിയില്‍ ഏഴ് സ്റ്റാഫ് അംഗങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നെയ്യാറ്റിന്‍കര, ആലുവ, തിരൂര്‍, മഞ്ചേരി, ഹോസ്ദുര്‍ഗ ്എന്നിവിടങ്ങളിലാണ് പുതുതായി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ ആരംഭിച്ചത്. 17 കോടതികള്‍ നേരത്തെ ആരംഭിച്ചിരുന്നു.