ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ശോഭാ സുരേന്ദ്രന് പിന്നാലെ പരസ്യ പ്രസ്താവനയുമായി പി എം വേലായുധനും

single-img
2 November 2020

ശോഭാ സുരേന്ദ്രന് പിന്നാലെ ബിജെപിയിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമാക്കി കെ സുരേന്ദ്രനതെിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത്. ബിജെപി മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ മുതിര്‍ന്ന നേതാവായ പി.എം വേലായുധനാണ് ശോഭാ സുരേന്ദ്രന് പിന്നാലെ പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നത്

പാര്‍ട്ടിയിലെ അവഗണനക്കെതിരെ ശോഭ രംഗത്ത് എത്തിയതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാവായ പി എം വേലായുധനും പരസ്യ പ്രതികരണവുമായി രംഗത്ത് വന്നത്. സുരേന്ദ്രൻ സംസ്ഥാന സെക്രട്ടറി ആയതിനെ പിന്തുണച്ച ആളാണ് താൻ. തന്നെയും ശ്രീശനെയും തൽസ്ഥാനത്ത് നിലനിർത്താം എന്ന് വാക്ക് തന്നിരുന്നു. എന്നാല്‍ സുരേന്ദ്രൻ വഞ്ചിച്ചുവെന്നാണ് വേലായുധന്‍ പറയുന്നത്. തന്റെ പരാതി അറിയിക്കാൻ ഫോൺ വിളിച്ചപ്പോൾ എടുത്തില്ല. എട്ട് മാസമായി തന്നെ അവഗണിക്കുന്നു. ശോഭ സുരേന്ദ്രന്‍റെ പരാതി ശരിയാണെന്നും വേലായുധന്‍ പറഞ്ഞു.

മക്കള്‍ വളര്‍ന്ന് അവര്‍ ശേഷിയിലേക്ക് വരുമ്പോള്‍ അച്ഛനേയും അമ്മയേയും വൃദ്ധസദനത്തിലേക്ക് കൊണ്ടിട്ട പോലയാണ് ഇത്. എന്നെപ്പോലെ ഒട്ടേറെ പേര്‍ ഇതുപോലെ വീടുകളില്‍ ഇരിക്കുകയാണ്. ഈ വിഷമം പറയാനാണ് സംസ്ഥാന അധ്യക്ഷനെ വിളിച്ചത്. ഈ നിമിഷം വരെ അദ്ദേഹം എന്നെ വിളിച്ചിട്ടില്ല. എന്റെ മണ്ഡലമായ പെരുമ്പാവൂരില്‍ ഒന്നോ രണ്ടോ തവണ അദ്ദേഹം വന്നുപോയിട്ടും എന്നെ കണ്ടിട്ടില്ല. ഞങ്ങള്‍ക്ക് പരാതി പറയാനുള്ള ഏക സ്ഥാനം സുരേന്ദ്രനാണ്. അത് കേള്‍ക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ട്. അടിയന്തരാവസ്ഥയുടെ സമയത്ത് സമരം ചെയ്ത് തല്ലുകൊണ്ട് ജയിലില്‍ കിടന്നു. രണ്ട് ജയിലിലാണ് കിടന്നത്. ഒരു ആശയത്തില്‍ ഉറച്ചുനിന്നതാണ്. പക്ഷേ ഇന്ന് വളരെ വേദനയുണ്ട്’ വേലായുധന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

2004 മുതൽ 2019 വരെ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്നു പി എ വേലായുധൻ. ശോഭയ്ക്ക് പിന്നാലെ വേലായുധനും രംഗത്ത് വന്നതോടെ സുരേന്ദ്രനെതിരെയുള്ള ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂടിയിരിക്കുകയാണ്. കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്ത് വരുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ പ്രശ്നം പരിഹരിക്കാനുള്ള ഊര്‍ജ്ജിത ശ്രമം കേന്ദ്ര നേതൃത്വം നടത്തുന്നുണ്ട്